തിരുവനന്തപുരം: തുലാമാസ പൂജയ്ക്കുതന്നെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലേക്കു പ്രവേശനം നല്കാന് തയാറെടുത്ത് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടി ചവിട്ടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മുന്നിലുളളത് ഇനി 18 ദിവസങ്ങള്‍ മാത്രം.
ഒക്ടോബര്‍ പതിനേഴിന് തുലാമാസ പൂജയ്ക്കായി നടതുറക്കും മുമ്പുതന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ആണ് ബോര്‍ഡ് നീക്കം. ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച ബോര്‍ഡ് യോഗം ചേരും.
തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ 17 ന് വൈകിട്ട് ശബരിമല നട തുറക്കും. അന്നു മുതല്‍ സ്ത്രീകള്‍ക്ക് സന്നിധാനത്തെത്താം. വിധി സംബന്ധിച്ച് നിയമോപദേശം തേടി ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ക്ഷേത്രപ്രവേശന ചട്ടങ്ങളില്‍ മാറ്റം വരുത്തും.
ഒക്ടോബര്‍ മൂന്നിന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തുടര്‍ നടപടികള്‍ തീരുമാനിക്കും. സ്ത്രീകള്‍ എത്തിയാല്‍ ഒരുക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. നട തുറക്കും മുമ്പ് പമ്പയിലെ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുളള തീവ്ര ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്.