ചാരുംമൂട്: കളഞ്ഞുകിട്ടിയ രണ്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ഉടമസ്ഥന് തിരിച്ചുനല്‍കി മാതൃകയായി ബേക്കറി ഉടമ. താമരക്കുളം ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കാര്‍ത്തിക ബേക്കറി ഉടമ ശിവപ്രകാശിനാണ് മാല കിട്ടിയത്.
യഥാര്‍ഥ ഉടമയെ കണ്ടെത്തി ഇതു കൈമാറണമെന്ന അഭ്യര്‍ഥനയുമായി ശിവപ്രകാശ് നൂറനാട് പോലീസ് സ്റ്റേഷനില്‍ എത്തി. അതിനിടെ മാല നഷ്ടപ്പെട്ട കായംകുളം വേലന്‍ചിറ കൃഷ്ണകൃപയില്‍ ആനന്ദ് അന്വേഷണവുമായി സ്കൂള്‍ ജങ്ഷനില്‍ എത്തി. അപ്പോഴാണ് നഷ്ടപ്പെട്ട മാലയുമായി ബേക്കറിയുടമ സ്റ്റേഷനിലേക്ക് പോയ കാര്യം അറിഞ്ഞത്.
സ്റ്റേഷനിലെത്തിയ ആനന്ദ് പോലീസുകാരുടെ സാന്നിധ്യത്തില്‍ നഷ്ടപ്പെട്ട മാല തിരിച്ചു വാങ്ങി. ചത്തിയറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഫുട്ബോള്‍ ടീം അംഗമായ ആനന്ദ് പരിശീലനം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്.