കാഞ്ഞങ്ങാട്: തെരുവുനായയെ വടിവാള്‍കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ച അന്യസംസ്ഥാനതൊഴിലാളിക്ക് നൂറുരൂപ പിഴശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി ഡിജുമൃത്യയെയാണ് (21) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്.
രണ്ടുമാസം മുമ്പ് മാവുങ്കാല്‍ മൂലക്കണ്ടത്താണ് സംഭവം. റോഡരികില്‍ തലക്ക് വെട്ടേറ്റ് ഗുരുതരമാവസ്ഥയില്‍ കാണപ്പെട്ട നായയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഹോസ്ദുര്‍ഗ് എസ്ഐ പത്മനാഭനും സംഘവും ചേര്‍ന്ന് ഹോസ്ദുര്‍ഗ് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാവുങ്കാലിലെ ഒരു വെല്‍ഡിംഗ് ഷോപ്പിലെ ജീവനക്കാരനായ ഡിജുമൃത്യയാണ് ഈ ക്രൂരത ചെയ്തതെന്ന് കണ്ടെത്തി. പിന്നീട് ഇയാള്‍ക്കെതിരെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരകൃത്യത്തിന് വിവിധ വകുപ്പുപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍ നായയെ വെട്ടാനുപയോഗിച്ച വടിവാളും പോലീസ് കണ്ടെടുത്തിരുന്നു.
ഈ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസത്തോളമായി റിമാന്റില്‍ കഴിയുന്ന ഡിജോമൃത്യുവിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകനായ ടികെ സുധാകരന് പ്രതിക്ക് വേണ്ടി ഹാജരായി. ഇതോടെ പ്രതിക്ക് കോടതി നൂറുരൂപ പിഴവിധിക്കുകയായിരുന്നു. അഭിഭാഷകന് ടികെ സുധാകരന് തന്നെ പിഴയടച്ച് പ്രതിയെ ചൊവ്വാഴ്ച തന്നെ ജയില്‍ മോചിതനാക്കി.
തലക്ക് വെട്ടേറ്റ് ചികിത്സയിലൂടെ സുഖംപ്രാപിച്ച നായ മാസങ്ങളായി പോലീസിന്റെ സംരക്ഷണയിലാണ്. ഡിജോ എന്നാണ് പോലീസ് നല്കിയ ഓമനപ്പേര്. പോലീസിന്റെ സംരക്ഷണചുമതലയാണ് അക്രമണത്തില്‍നിന്നും രക്ഷപ്പെട്ട നായയ്ക്ക്.