തിരുവനന്തപുരം: ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പദ്ധതിയായ സാലറി ചാലഞ്ചില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ഗൗരവമായ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സംവിധാനത്തില്‍ സാലറി ചാലഞ്ചിനുവേണ്ടി മാറ്റങ്ങള്‍ വരുത്തി 16 നിര്‍ദേശങ്ങള്‍ ധനവകുപ്പ് പുറത്തിറക്കി.
സാലറി ചാലഞ്ച് വഴി ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമ്പോള്‍ വീഴ്ച്ചവരുത്തരുതെന്നും വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരുന്നു. ഒരു മാസത്തെ ശമ്പളം പത്തു മാസത്തെ തുല്യ ഗഡുക്കളായാണ് ജീവനക്കാര്‍ നല്‍കേണ്ടത്.
ഇതിന് തയ്യാറായ ജീവനക്കാരുടെ ബില്ലില്‍ യെസ് എന്നും അല്ലാത്തവരുടെ ബില്ലില്‍ നോ എന്നും രേഖപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം സസ്െപന്ഷനിലുള്ളവര്, പൂര്‍ണ ശമ്പളം വാങ്ങാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍, ശമ്ബളമില്ലാതെ അവധിയിലുള്ളവര്‍ തുടങ്ങിയവരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുമ്പോള്‍ കണ്‍ട്രോളിങ് ഓഫീസറുടെ സമ്മതം വാങ്ങിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിച്ചിരിക്കുന്നു.