തിരുവനന്തപുരം: കഷ്ടപ്പാടിനും പ്രാരാബ്ധങ്ങള്‍ക്കിടയിലും പണത്തിനോട് അത്യാഗ്രഹമില്ലാതിരുന്ന യുവാവ് ലോട്ടറിയില്‍ ചെറിയ സമ്മാനം ഒന്നുമില്ലെന്ന് നോക്കി ടിക്കറ്റ് ചുരുട്ടിയെറിഞ്ഞു. ദുരിത ജീവിതത്തില്‍ നിന്ന് കരകയറാന്‍ ലക്ഷ്മീദേവി പത്ത് ലക്ഷം ഒളിപ്പിച്ചത് ആ യുവാവ് അറിഞ്ഞില്ല. അതേസമയം, ടിക്കറ്റില്‍ സമ്മാനം ഉണ്ടെന്ന് മനസിലാക്കിയ സുഹൃത്ത് ടിക്കറ്റ് കൈവശപ്പെടുത്തിയ അതുമായി കടന്നുകളയുകയും ചെയ്തു.
തിരുവനന്തപുരം പാലോട് സ്വദേശിയും ചുമട്ടു തൊഴിലാളിയുമായ അജിനുവാണ് ആ നിര്ഭാഗ്യവാന്. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമായ പത്ത് ലക്ഷമാണ് അജിനുവിനെ തേടിയെത്തിയത്.
എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ കാണാത്തതിനെ തുടര്‍ന്ന് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞത്. ഇതിനിടെ അജിനുവിന് സമ്മാനമടിച്ചെന്ന് മനസിലായ ഉറ്റസുഹൃത്തും അയല്‍വാസിയുമായ അനീഷ് കൃഷ്ണന് ഫോണില്‍ വിളിച്ച് ലോട്ടറി എന്തു ചെയ്തെന്നു ചോദിച്ചപ്പോള്‍ അജിനു അറിഞ്ഞില്ല തന്റെ ടിക്കറ്റിനാണ് രണ്ടാം സമ്മാനമെന്ന്.
ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം ഉറ്റസുഹൃത്തിനോട് പറയുകയും ചെയ്തു. റോഡരികില്‍നിന്നും ടിക്കറ്റ് സ്വന്തമാക്കിയ അനീഷ് അത് തന്റേതാണെന്നു സ്ഥാപിക്കാനും ശ്രമിച്ചു.
ഉപേക്ഷിച്ച ടിക്കറ്റ് കളഞ്ഞതിനു സമീപത്തുള്ള ബാങ്കിന്റെ സിസിടിവിയില്‍ അനീഷ് ഇവിടെനിന്ന് ടിക്കറ്റ് എടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ഒന്നുതന്നെയാണെന്നു തെളിഞ്ഞു.
ഇതോടെ അനീഷുമായി മധ്യസ്ഥര്‍ സംസാരിച്ചപ്പോള്‍ സമ്മാനത്തിന്റെ പകുതി നല്‍കാമെന്നു സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറി. ഞായറാഴ്ച വൈകുന്നേരം മുതല്‍ അനീഷിനെ കാണാതെയുമായി. തുടര്‍ന്ന് അജിനു പാലോട് പോലീസില്‍ പരാതി നല്കി. സ്റ്റേഷനില്‍ എത്താന്‍ അനീഷിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ സ്റ്റേഷനിലെത്തിയില്ല.
അജിനുവിന്റെ മകള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. പലപ്പോഴും കടം വാങ്ങിയാണ് ഇയാള്‍ ആശുപത്രിയില്‍ മകളെ കൊണ്ടുപോയിരുന്നത്. അഞ്ചര വയസ്സ് മാത്രം പ്രായമുള്ള മകളുടെ ഹൃദയസംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നുപോകേണ്ട അവസ്ഥയാണ് അജിനുവിന്.
പ്രാരാബ്ധങ്ങളൊക്കെ അറിയാമായിരുന്നിട്ടാണ് പണത്തിന്റെ ആര്‍ത്തിയില്‍ അനീഷ് ഉറ്റചങ്ങാതിയെ ചതിച്ചത്.