മൂവാറ്റുപുഴ: മാറാടിയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ച സംഭവം ബൈക്ക് റെയ്സിങ്ങ് എന്ന് സംശയം. ഒന്നിലധികം ബൈക്കുകള്‍ നിരന്നെത്തിയപ്പോള് ബസ് വരുന്നത് കണ്ട് വശത്തേക്ക് വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
വൈകിട്ട് 3.45 -ഓടെയായിരുന്നു അപകടം. അപകടം നടന്ന ഈസ്റ്റ് മാറാടിയിലെ ഭാഗത്ത് ഒരു ചെറിയ വളവാണ്. അതിനാല്‍ അമിത വേഗതയിലെത്തിയ ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കണ്ടക്ടര്‍ ട്വിന്സന്റെ വിവരണം ഇങ്ങനെ:
ബസിന്റെ മുന്‍ ഭാഗത്ത് ഇടിച്ച ബൈക്ക് എഞ്ചിന് ഭാഗത്ത് കുടുങ്ങുകയും മുന്നോട്ട് നിരങ്ങി നീങ്ങിയ ബസിന്റെയും റോഡിന്റെയും ഇടയില്‍പ്പെട്ട് ഉരഞ്ഞ് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും ചോര്‍ന്ന പെട്രോളില്‍ തീ പടരുകയായിരുന്നു. അപകടം നടന്നയുടന്‍ യാത്രക്കാരെല്ലാം വേഗം ഇറങ്ങി. ബസിനടിയില്‍പെട്ട യാത്രക്കാരനെ പുറത്തേക്ക് വലിച്ചു മാറ്റുന്നതിനിടെ ബൈക്കില്‍ നിന്നുള്ള തീ ബസിന്റെ മുന്‍ഭാഗത്തെ ഡീസല്‍ പൈപ്പില്‍ പടര്‍ന്നു പിടിച്ചു. വേഗം തന്നെ തീ ആളിപടരുകയായിരുന്നു.
‘മൂന്നോ നാലോ ബൈക്കുകള്‍ കാണും. മത്സരിച്ച് വരികയായിരുന്നെന്നാണ് തോന്നുന്നത്. വളഞ്ഞും പുളഞ്ഞുമൊക്കെയായിരുന്നു അകലെ നിന്നും വന്നത്. ബൈക്കുകളില്‍ ഒന്ന് ബസ്സിന്റെ മുന്നില്‍ ഇടിച്ചെന്ന് മനസ്സിലായി. ഉടന്‍ മുന്‍വശത്തുനിന്നും പുക ഉയര്‍ന്നു. പിന്നാലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സ് ചാമ്പലായി.’ എതിര് ദിശയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചതിനേത്തുടര്‍ന്ന് ബസ്സിനടില്പെട്ടു. പെട്രോള്‍ റോഡിലേക്ക് ഒഴുകുകയും ചെയ്തിരുന്നു. റോഡില്‍ ബൈക്കിന്റെ ലോഹഭാഗം ഉരഞ്ഞ് തീപ്പൊരി ഉണ്ടാവുകയും പെട്രോളിന് തീപിടിക്കുകയുമായിരുന്നെന്നാണ് കണ്ടക്ടറുടെ വിവരണത്തില്‍ നിന്നും വ്യക്തമാവുന്നത്.
മുന്‍ഭാഗത്ത് പടര്‍ന്ന തീ ബസിന്റെ സീറ്റുകളിലേക്ക് പടര്‍ന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കൂത്താട്ടുകുളം മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഏറെ നേരത്തെ പരിശ്രമത്തെ തുടര്‍ന്നാണ് തീ കെടുത്താനായത്. അപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീ ആളിപ്പടര്‍ന്നെങ്കിലും ഡീസല്‍ ടാങ്കിലേക്ക് തീ പിടിക്കാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കരയില്‍ നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രക്കാരന്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊട്ടാരക്കര വെള്ളിക്കുന്നം സ്വദേശി അലക്സിന്റെ മകന് അനൂപ്(19) കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
ആദ്യം മൂവാററുപുഴ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അനൂപ് സഞ്ചരിച്ച ബൈക്ക് ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അനൂപിന്റെ പിതാവ് അലക്സ് പെരുമ്പാവൂരിലാണ് ജോലിചെയ്യുന്നതെന്നും അനൂപ് ഇവിടേയ്ക്ക് എത്തിയതാവാമെന്നുമാണ് പോലീസ് നിഗമനം.
സൂപ്പര്‍ ബൈക്ക് വിഭാഗത്തില്‍പെട്ട ബൈക്കാണെന്നാണ് പ്രാഥമിക വിവരം. മൂവാറ്റുപുഴ പോലീസ് അപകടത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. ബസ്സില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും ഒരു പോറല്‍ പോലും എല്ക്കാതെ രക്ഷിക്കാന്‍ കഴിഞ്ഞത് ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂവാറ്റുപുഴ പോലീസും ഫയര്ഫോഴ്സംഘവും സ്ഥലത്തെത്തി. വേഗത്തില്‍ തീയണക്കാനായതിനാല്‍ ഡീസല്‍ ടാങ്കും മറ്റും പൊട്ടിത്തെറിച്ചില്ല.