കണ്ണൂര്‍: ഒന്നരകിലോ കഞ്ചാവുമായി ആര്‍എസ്എസ് നേതാവ് പിടിയില്‍. കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ആര്‍എസ്എസ് കോലക്കാവ് ശാഖാ പ്രമുഖ് കോട്ടയംകുന്നിനു മീത്തല്‍ ശിവം വീട്ടില്‍ എംടി വിപീഷ് (32) നെ എക്സൈസ് പിടികൂടിയത്. പൂക്കോട് അമൃതാ വിദ്യാലയത്തിന്റെ കമാനത്തിന് മുന്പില് വെച്ച് വാഹനം പരിശോധന നടത്തവെയാണ് പ്രതി പിടിയിലാവുന്നത്.
ആള്‍ട്ടോ കാറില്‍ മുന്സീറ്റിന് താഴെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കെഎല്‍ 58 വൈ 7088 നമ്പര്‍ കാര്‍ നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്ന്ന് പിടിക്കൂടുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. നിരവധി മോഷണ കേസിലും മറ്റും പ്രതിയായ വിപീഷ് ഇപ്പോള്‍ കോലാക്കാവ് ശാഖാ പ്രമുഖിന്റെ ചുമതലയാണ് വഹിക്കുന്നത്.
2016ല്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആര്എസ്എസുക്കാരന് ദീക്ഷിത്തിന്റെ സന്തത സഹചാരിയാണ് ഇയാള്‍. വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരിയായിരുന്നു. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കടത്തിയ കേസ്സ് നിലവിലുണ്ട്.
കഞ്ചാവും മറ്റ് മയക്കുമരുന്നുകളും നല്കി വിദ്യാര്‍ത്ഥികളെ ലഹരിക്കടിമപ്പെടുത്തി ആര്‍എസ്എസിലേക്ക് അടുപ്പിക്കലാണ് വിപീഷിന്റെ ചുമതല. മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് വിപീഷ്. കഞ്ചാവ് കടത്തുകയായിരുന്ന കാറും കസ്റ്റഡിയിലെടുത്തു.
അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ വി സുധീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ ശ്രീജിത്ത്, ഷാജി അളോക്കന്‍, പി ജലീഷ് ,കെ ബിജു, സുമേഷ്, ഇസ്മയില്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.