കോട്ടയം: എണ്പതുപേരുടെ ജീവന് കാവലാളായ കപില്‍ദേവിന് ആദരമൊരുക്കി ജെസിബി കമ്പനി. സോഷ്യല്‍ മീഡിയയില്‍ ദൈവദൂതനായി കപിലിനെ വാഴ്ത്തുമ്പോഴും അഭിനന്ദങ്ങള്‍ നേരുമ്പോഴും ആ പഞ്ചായത്തിലെ ഒരു മെമ്പര്‍ പോലും ഒരു നന്ദി വാക്ക് പറഞ്ഞില്ല.
ഒന്നും പ്രതീക്ഷിക്കാതെ ചെയ്ത ആ പ്രവര്‍ത്തിയില്‍ അഭിനന്ദനം കിട്ടാത്തതിന് ആരോടും പരിഭവവുമില്ല കപില്‍ ദേവിന്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇത്രയും വലിയൊരു സംഭവം നടന്നിട്ടും ഒരു അഭിനന്ദനവും എങ്ങു നിന്നും ലഭിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
എന്നാല്‍ കപിലിന്റെ പ്രവൃത്തി കണ്ടില്ലെന്ന് നടിക്കാന്‍ ദൈവത്തിന്റെ കൈകളായിരുന്ന
യന്ത്രത്തിന്റെ കമ്പനിക്ക് കഴിഞ്ഞില്ല. തങ്ങളുടെ യന്ത്രക്കൈ ഉപയോഗിച്ച് ആ ജീവനുകള്‍ രക്ഷിച്ചതിന് ജെസിബി കമ്പനി അഭിനന്ദിച്ചിരിക്കുകയാണ് കപിലിനെ.
ജെസിബി ഇന്ത്യയുടെ ട്വിറ്റര്‍ പേജിലൂടെയാണ് കപിലിന്റെ ചിത്രം ഉള്‍പ്പെടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൂടാതെ അടുത്ത ദിവസം കപിലിനെ നേരിട്ട് കമ്പനി ആദരിക്കുമെന്നു ജെസിബിയുടെ സൗത്ത് സോണ്‍ മാനേജര്‍ രവി പറഞ്ഞു.
We appreciate the presence of mind of Kapil, a #JCB Excavator operator in #Kerala who saved the lives of 80 passengers in a bus.
He used the JCB machine's arm to hold the bus which began slipping into a ditch, giving enough time for passengers to escape. Kudos!!#EverydayHeros pic.twitter.com/EvPax99yW9
— JCB India (@JCBIndiaLtd) 23 September 2018
പത്തനംതിട്ട വടശ്ശേരിക്കര മനന്താനം വീട്ടില്‍ കപില്‍ദേവ് യുവാവാണ് ദൈവദൂതനായി എത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ജെസിബി ഓപ്പറേറ്ററാണ് കപില്‍ ദേവ്. തേനി – മൂന്നാര്‍ പാതയിലെ റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി.
കപിലിന്റെ രക്ഷാപ്രവര്‍ത്തനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴി അറിഞ്ഞതിനെതുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ജെസിബിയുടെ കോട്ടയം ഡീലര്‍ അജിത്ത് വഴിയാണ് കപിലിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീട് ജെസിബി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഇക്കാര്യം അറിയിച്ചു. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ആദരിക്കുവാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെ പൂപ്പാറയിലായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ആര്‍ടിസി ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന മലയാലപ്പുഴ പൊന്നൂസ് എര്‍ത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ കപില്‍ ദേവ് ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിര്‍ത്തി.
തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. ബോഡി നായ്ക്കന്നൂര്‍-രാജാക്കാട് റൂട്ടില്‍ ഓടുന്ന ബസ് തുടക്കം മുതല്‍ റോഡില്‍ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഭീതിയിലായ യാത്രക്കാര്‍ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവര്‍ കാര്യമാക്കിയില്ല. പൂപ്പാറ എത്തുന്നതിനു മുന്‍പായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളില്‍ ബസ് ഇടിച്ചതായി യാത്രക്കാര്‍ പറഞ്ഞിരുന്നു.
കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ 80 പേരുമായി വന്ന ബസ് മണ്ണുമാന്തി യന്ത്രകൈ ഉപയോഗിച്ച് ഒരു മണിക്കൂറോളം പിടിച്ചു നിര്‍ത്തി എന്നത് ആര്‍ക്കും ഇത് വരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസരോചിതമായി രക്ഷാ പ്രവര്‍ത്തനം നടത്തിയത്
അപകടം നടന്ന ദിവസമായ ബുധനാഴ്ച രാജാക്കാടിന് സമീപം പൂപ്പാറയില്‍ റോഡ് നിര്‍മ്മാണത്തിനായി പൊട്ടിച്ചിടുന്ന പാറ ജെസിബി ഉപയോഗിച്ച് മാറ്റുന്ന ജോലിയിലായിരുന്നു കപില്‍ദേവ്. ഈ സമയം കപില്‍ ദേവ് പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരുന്ന മണ്ണു മാന്തി യന്ത്രത്തിന്റെ ചെയിന്‍ പൊട്ടി തകരാറിലായി. ചെയിന്‍ പൊട്ടിയതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
യന്ത്രത്തില്‍നിന്നും വേര്‍പെട്ട ടണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കപിലും തൊഴിലാളികളും. അപ്പോഴാണ് വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശം ചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നും പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും കൂട്ടനിലവിളിയുയര്‍ന്നു.
വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ ജെസിബിയിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന് ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയില്‍ കോരി എടുത്തു.
ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികളും ഞൊടിയിടയില്‍ യാത്രക്കാരെ പുറത്തിറക്കി. ബസിന്റെ ജനലുകള്‍ വഴിയും മറ്റുമായി എല്ലാവരെയും പുറത്തിറക്കി. മറ്റൊരു ജെസിബി എത്തുന്നതു വരെ ഏകദേശം ഒരു മണിക്കൂറോളം ബസിനെ കപില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താങ്ങി നിര്‍ത്തി. പീന്നീട് ബസ് വലിച്ചു കയറ്റി.