കോട്ടയം: കോട്ടയത്ത്് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിരസിച്ച് പുരോഹിതന് രംഗത്ത്. ശ്രീധരന് പിള്ളയെ കണ്ടാല്‍ പാര്‍ട്ടി അംഗമാവുമോ എന്ന് ഫാദര്‍ ജെ മാത്യൂ മണവത്ത് ആരോപിക്കുന്നു. താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോട്ടയത്ത് അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നതായി ബിജെപി കേരളയുടെ ഔദ്യോഗിക പേജ് അറിയിച്ചിരുന്നു.
പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വൈദികരുടെ പേരും ചിത്രവും സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വാര്‍ത്ത പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുന്നേ താന്‍ ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെന്ന് ഈ അഞ്ച് വൈദികരില്‍ ഒരാള്‍ അറിയിച്ചതിലൂടെ ആകെ വെട്ടിലായിരിക്കുകയാണ് ബിജെപി.
ഫാദര്‍ ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍, ജിതിന് കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ തോമസ് കുളത്തുംഗല്‍ എന്നിവരാണ് അംഗത്വം എടുത്തത്. കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു എന്നുമായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്നും സമീപദിവസങ്ങളില്‍ പല ഉന്നതരും ബിജെപിയിലേക്ക് വരാന്‍ പോവുകയാണെന്നും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിള്ളയുടെ വാക്ക് വെറുംവാക്കാണെന്നുള്ള വിമര്‍ശനങ്ങള്‍ ഉയരുനന്നതിനിടേയാണ് അഞ്ച് ക്രിസ്ത്യന്‍ വൈദികള്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്ത വരുന്നത്.