കാസര്‍കോട്: ബേക്കറിയില്‍ നിന്നും വാങ്ങിയ ബ്രെഡിലും ബണ്ണിലും ജീവനുള്ള പുഴു.
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഹസൈനാര്‍ ഗര്‍ഭിണിയായ ഭാര്യ സൗദയ്ക്ക് വാങ്ങിയ ബണ്ണിലും ബ്രെഡിലുമാണ് പുഴുക്കളെ കണ്ടെത്തിയത്.
രാവിലെ മദ്രസയിലേക്ക് പോകാനിരുന്ന കുട്ടികള്‍ ബണ്ണ് കഴിച്ചപ്പോഴാണ് ബണ്ണില്‍ നിന്നും പുറത്തേക്ക് പുഴു ചാടിയത്. ഹസൈനാറിന്റെ ഭാര്യ സൗദയും ബണ്ണ് കഴിക്കാന്‍ തുടങ്ങിയിരുന്നു. പുഴുവിനെ കണ്ടതോടെ ഇവര്‍ ഛര്‍ദിച്ച് അവശനിലയിലായി. സൗദയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
പുതിയ കോട്ടയിലെ ശ്രീ ബാംഗ്ലൂര്‍ അയങ്കാര്‍ എന്ന ബേക്കറി കടയില്‍ നിന്നും വാങ്ങിയ ബണ്ണിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഒരു ബ്രെഡും അഞ്ച് ബണ്ണുമാണ് ഹസൈനാര്‍ വാങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഹസൈനാര്‍ ബ്രെഡ് വാങ്ങിയത്. വാങ്ങിയ ബ്രെഡും ബണ്ണും ഇതേ ബേക്കറിയില്‍ തന്നെ നിര്‍മിച്ചവയാണ്. പുഴുക്കള്‍ നിറഞ്ഞ ബണ്ണുമായി ഹസൈനാര്‍ ബേക്കറിയിലെത്തിയപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു.
ബണ്ണില്‍ പുഴു നിറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായും ഹസൈനാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഹസൈനാറിന്റെ സഹോദരന് ആബിദ് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്കി.