തൃശൂര്‍: വാടകവീടിന്റെ പടി കടന്നെത്തിയ ഭാഗ്യത്തില്‍ നിന്നൊരു പങ്ക് പ്രളയത്തില്‍ വീടു നശിച്ചവര്‍ക്ക് വീടു പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന് തിരുവോണം ബംപര്‍ വിജയി വത്സല.
സമ്മാനത്തുക ഉപയോഗിച്ചു സ്വന്തമായി വീടു പണിയുന്നതിനൊപ്പമാണ് വത്സലയും
നവകേരളത്തിനായി കൈകോര്‍ക്കുന്നത്. ചിറ്റിലപ്പിള്ളി സ്വദേശി പരേതനായ പള്ളത്ത് വിജയന്റെ ഭാര്യ വല്‍സലയ്ക്കാണ് (58) തിരുവോണം ബംപര്‍ ഭാഗ്യക്കുറി’യുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
ചിറ്റിലപ്പിള്ളിയിലെ വീടു കാലപ്പഴക്കത്തില്‍ തകര്‍ന്നതോടെ മൂന്നു മക്കളുമായി വല്‍സല പുറനാട്ടുകര വിളക്കുംകാലിലെ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഭര്‍ത്താവ് വിജയന് രണ്ടര വര്‍ഷം മുന്‍പാണ് മരിച്ചത്.
തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ എസ്എസ് മണിയന് ഏജന്‍സിയില്‍നിന്ന് എടുത്ത ടിബി 128092 ടിക്കറ്റിനാണ് സമ്മാനമടിച്ചത്. വല്‍സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള വല്സലയ്ക്കു പലപ്പോഴായി 10,000 രൂപയും 5,000 രൂപയുമൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
വല്‍സലയുടെ അച്ഛന് ശങ്കരന് 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഇതോടെയാണ് വല്‍സലയും ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം തുടങ്ങിയത്. വിധു, വിനീഷ്, വിപിന്‍ എന്നിവരാണ് മക്കള്‍. ചിറ്റിലപ്പിള്ളിയില്‍ കെട്ടിട നിര്‍മാണ സാധനങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന വ്യാപാരമാണ് വിനീഷിന്. വാഹനങ്ങളിലെ വിവിധ യന്ത്രഭാഗങ്ങളുടെ വ്യാപാരമാണു വിപിന്‍. മകള്‍ വിധു വീട്ടമ്മയും.