കൊച്ചി: മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കോട്ടയം എസ്പി എസ് ഹരിശങ്കര്‍. ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്പി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെയും അറസ്റ്റെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്ത നിഷേധിക്കുകയായിരുന്നു. ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജി തയാറാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐജി വിജയ് സാക്കറെയെ കാണാന്‍ പോകുന്ന സമയത്താണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
മൂന്നാം ദിവസം ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചതിനു പിന്നാലെ വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇത്.
പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകള്‍ പുറത്തെത്തിയിരുന്നു.
ഉച്ചയോടെ ഫ്രാങ്കോ ബിഷപ്പ് അറസ്റ്റിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ഐജി വിജയ് സാക്കറെ വ്യക്തമാക്കിയത്. അതേസമയം ഇന്നു തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. അറസ്റ്റിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.
മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അന്വേഷണസംഘം ബിഷപ്പിന്റെ അറസ്റ്റിലേക്കു കടന്നേക്കാമെന്നു സൂചനയുണ്ട്. എന്നാല്‍ മൊഴികളും തെളിവുകളും ശക്തമാക്കണമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിഷപ് നല്കിയ മൊഴികളിലും തെളിവുകളിലുമുളള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി മൂന്നുസംഘങ്ങള്‍ രാത്രിമുതല്‍ പരിശ്രമത്തിലാണ്. ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്താകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍.