കൊച്ചി: അരമനയ്ക്കുള്ളില്‍ നിന്നും മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഴിയ്ക്കുള്ളിലേക്ക് എത്തിയപ്പോള്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബലാത്സംഗ കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.
മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭാംഗമായ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനപരാതി നല്‍കിയത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ കുറവിലങ്ങാട് മഠത്തില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2014 മെയ് അഞ്ചിന് ചാലക്കുടിയില്‍ നടന്ന അച്ചന് പട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ചടങ്ങിന് ശേഷമാണ് മഠത്തില്‍ ആദ്യമായി താമസിക്കുവാന്‍ എത്തിയത്. അടുത്ത ദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യ കുര്‍ബാന ചടങ്ങിലും ബിഷപ്പ് പങ്കെടുത്തിരുന്നു. ഈ ദിവസങ്ങളില്‍ മഠത്തിലെ 20 ാം നമ്പര്‍ മുറിയായ ഗസ്റ്റ് റൂമില്‍ വച്ചാണ് പീഡിപ്പിച്ചത്.
2017 മാര്‍ച്ച് 26- പീഡനം സംബന്ധിച്ച് കന്യാസ്ത്രീ മദര്‍ സുപ്പിരീയര്ക്ക് പരാതി നല്കി. തുടര്‍ന്ന് ജലന്ധറില്‍ നിന്ന് മദര്‍സുപ്പീരിയര്‍ അടക്കമുള്ള കന്യസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
2018 ജൂണ്‍ 2- കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയതായും പറയപ്പെടുന്നു.
2018 ജൂണ്‍ 27- ജില്ലാ പോലീസ് മേധാവിക്ക് കന്യാസ്ത്രീ പരാതി നല്കി,
ജൂണ്‍ 28- എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
ജൂലായ് 1- അന്വേഷണസംഘം കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
ജൂലൈ 3- ചൊവ്വാഴ്ച ഉച്ചയോടെ ഫോറന്‍സിക് സംഘം മഠത്തില്‍ ശാസ്ത്രീയപരിശോധന നടത്തി.
ജൂലൈ 5- വകുപ്പ് 164 അനുസരിച്ച് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിനു മുമ്പാകെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജൂലൈ 7- പോലീസ് രഹസ്യമൊഴിയുടെ പകര്‍പ്പിനായി പാലാ കോടതിയില്‍ അപേക്ഷ നല്കി. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ മഠത്തില്‍ എത്തി കന്യാസ്ത്രീയെ കണ്ടു
ജൂലായ് 8- കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സാക്ഷി സിജോയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തന്നെ ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സിജോ മൊഴി നല്‍കിയിരിക്കുന്നത്. ബിഷപ്പും ജലന്ധര്‍ രൂപതയിലെ മറ്റൊരു വൈദികനും പറഞ്ഞത് അനുസരിച്ചാണ് പരാതി എഴുതിയതെന്നും സിജോ പറഞ്ഞു. സിജോയുടെ മൊഴി പൂര്‍ണ്ണമായും പോലീസ് വീഡിയോ ക്യാമറയില്‍ പകര്‍ത്തി. ആരോപണം നിലനില്‍ക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി
ജൂലായ് 9- കന്യാസ്ത്രീ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി.
ജൂലായ് 10- ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്കി
ജൂലായ് 12- കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണസംഘം മൊഴിയെടുക്കാന്‍ എത്തി.
ജൂലായ് 14- അന്വേഷണസംഘം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ നിന്ന് മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി ബിഷപ്പ് മൊഴി നല്കി. കുറവിലങ്ങാട് പള്ളി വികാരിയുടേയും മൊഴിയെടുത്തു.
ജൂലായ് 15-തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ജൂലായ് 20- കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് സായുധപോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി.
ജൂലായ് 25- കേസില്‍ നിന്ന് പിന്മാറാന് രൂപത അധികാരികള്‍ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന് വൈക്കം ഡി.വൈ.എസ്.പി. കെ സുഭാഷിന് മൊഴി നല്കി.
ജൂലായ് 29- കുര്യനാട് ആശ്രമത്തിലെ ഫാ.ജയിംസ് എര്‍ത്തയില്‍ കേസില്‍ നിന്ന് പിന്മാറാന് വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി സിസ്റ്റര്‍ അനുപമ. ജൂലായ്-30 കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി,
ജൂലായ്-31 ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മണ്ണയ്ക്കനാട്ടെ മഠത്തില്‍ കൊണ്ടുവന്നിരുന്നതായി കാര്‍ ഡ്രൈവറുടെ മൊഴി.
ഓഗസ്റ്റ്- 1 ജലന്ധറില്‍ പോകാന്‍ അന്വേഷണസംഘത്തിന് അനുമതി ലഭിച്ചു.
ഓഗസ്റ്റ് -3 അന്വേഷണസംഘം ഡല്‍ഹിക്ക് പുറപ്പെട്ടു
ഓഗസ്റ്റ്- 4 അന്വേഷണസംഘം ഡല്‍ഹിയിലെത്തി കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് മൊഴി
ഓഗസ്റ്റ്- 6 ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കയിലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഓഗസ്റ്റ്- 10 അന്വേഷണസംഘം ജലന്ധറില്‍ എത്തി.
ഓഗസ്റ്റ് -11 രൂപതയ്ക്കു കീഴിലെ നാലു വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് മൊഴി
ഓഗസ്റ്റ് -12 കന്യാസ്ത്രീകള്‍ക്കായി ബിഷപ്പ് നടത്തിയിരുന്ന ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവങ്ങള്‍ ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.
സെപ്റ്റംബര്‍ 8- കന്യാസ്ത്രീകള്‍ സമരത്തിലേക്ക്
സെപ്റ്റംബര്‍ 18- ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. പരിഗണിക്കുന്നത് സെപ്റ്റംബര്‍ 25ലേക്ക് മാറ്റി.
സെപ്റ്റംബര്‍ 19- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയത്. ആദ്യദിവസം ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തു
സെപ്റ്റംബര്‍ 20- ചോദ്യം ചെയ്യലിന്റെ രണ്ടാംദിവസം.
സെപ്റ്റംബര്‍ 21- ചോദ്യം ചെയ്യലിന്റെ മൂന്നാംദിവസം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കന്യാസ്ത്രീമാര്‍ സമരം ആരംഭിച്ചതിന്റെ പതിനാലാംദിവസമാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.