തൃശ്ശൂര്‍: കേരളം കാത്തിരുന്ന ആ ഭാഗ്യശാലിയെ കണ്ടെത്തിക്കഴിഞ്ഞു. വത്സലയെന്ന വീട്ടമ്മയെ കോടീശ്വരിയാക്കിയ വ്യക്തിയും സൗഭാഗ്യത്തിന്റെ ഈ അമ്പരപ്പില്‍ നിന്നും വിട്ടുമാറിയിട്ടില്ല.
കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം 10 കോടി രൂപ അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വല്‍സലയ്ക്ക് ലഭിക്കുമ്പോള്‍ ആ ഭാഗ്യം സമ്മാനിച്ചത് പ്രസ്തുത ടിക്കറ്റ് വിറ്റ മുരളീധരനാണ്. ഭാഗ്യദേവത ഒരാളെ മാത്രമല്ല രണ്ടാളെയും കടാക്ഷിച്ചു. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിട്ടതിന്റെ കമ്മീഷനായി ഒരു കോടി രൂപയാണ് ഇദ്ദേഹത്തെ തേടിയെത്തുക.
തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്എസ് മണിയന് ഏജന്‍സിയുടെ ഭാഗമായാണ് മുരളീധരന് ടിക്കറ്റ് വിറ്റത്. ലോട്ടറി വില്പന തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് ഇത്ര വലിയൊരു തുക താന്‍ വിറ്റ ടിക്കറ്റിനു സമ്മാനമായി ലഭിക്കുന്നതെന്ന് മുരളീധരന് പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വത്സല മുരളീധരനില്‍ നിന്നു ഭാഗ്യക്കുറി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. വിളപ്പുംകാല്‍ എന്ന സ്ഥലത്തു വച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വത്സല വാങ്ങിയത്. കമ്മീഷനായി ഇത്രയും വലിയൊരു തുക ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തുക ലഭിക്കാന്‍ മൂന്നുമാസം എടുക്കും എന്നാണ് അറിഞ്ഞത്. ആ പണം എന്തിനുവേണ്ടി ഉപയോഗിക്കണമെന്നു ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മുരളീധരന് പറയുന്നു.
പത്തുകോടിയുടെ ഓണം ബമ്പര്‍ അടിച്ചതിന്റെ അമ്പരപ്പ് ഇതുവരെ വല്സലയ്ക്കും വിട്ടുമാറിയിട്ടില്ല. സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന വത്സലയ്ക്ക് മുന്‍മ്പ് 5000, 10.000 രൂപയൊക്കെ അടിച്ചിട്ടുമുണ്ട്. വലിയ തുക അടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഓരോ ടിക്കറ്റും എടുക്കുന്നത്. പക്ഷേ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വല്‍സല പറയുന്നു. ആദ്യം വിശ്വസിക്കാനായില്ല. നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടല്‍ ഇപ്പോഴും മാറാതെ വത്സല പറഞ്ഞു.