കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപത ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് നീക്കിയ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ ആദ്യ വിജയമാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. എങ്കിലും അറസ്റ്റ് ഉണ്ടാകും വരെ സമരം തുടരും.
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കൊച്ചിയിലെ സമരപ്പന്തല്‍.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം 13 ദിവസങ്ങള്‍ പിന്നിടുകയാണ്. ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് ഫ്രാങ്കോ മുളക്കലിനെ നീക്കിയ തീരുമാനം സന്തോഷത്തോടെ ആണ് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സ്വീകരിച്ചത്. ഉന്നയിച്ച പ്രശ്നങ്ങളില്‍ വത്തിക്കാന്‍ ഇടപെടുന്നതില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സ്റ്റീഫന്‍ മാത്യുവും അലോഷ്യ ജോസെഫും ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്. സാമൂഹ്യ പ്രവര്‍ത്തക പി ഗീത നാലാം ദിവസവും നിരാഹാരത്തിലാണ്. ഇത്രയേറെ ജനപിന്തുണ ഉണ്ടായിട്ടും പ്രതിപക്ഷം സമരപ്പന്തലിലേക്ക് എത്താത്തത് സഭയെ ഭയന്നാണെന്നു സമരസമിതി ആരോപിച്ചു. സമരസമിതിയുടെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയും രംഗത്ത് എത്തി. അന്വേഷണം നല്ല നിലയില്‍ നടക്കുകയാണ് എന്നു ഹൈക്കോടതി തന്നെ പറഞ്ഞതിനാല്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
അന്വേഷണസംഘത്തിനെതിരെയും സമരസമിതി രംഗത്തെത്തി. ലൈംഗിക പീഡന കേസില്‍ പരാതി നല്കി രണ്ടു മാസത്തിനകം അന്വേഷണം പൂര്ത്തിയാക്കുന്നമെന്ന ക്രിമിനല്‍ ലോ ഭേദഗതി ആക്റ്റ് 2018ലെ സെക്ഷന്‍ 14 അട്ടിമറിക്കപ്പെട്ടുവെന്ന് സമരസമിതി ആരോപിച്ചു. ഇതിനെതിരെ കോടതിയില്‍ പോകാന്‍ ആണ് തീരുമാനം. കിളിരൂര്‍ കേസിലെ ശാരിയുടെ അച്ഛന്, മാനന്തവാടി രൂപത അംഗം സിസ്റ്റര്‍ ലൂസി കളപ്പുര, കെകെ രമ കെഎം ഷാജഹാന് തുടങ്ങിയവര്‍ ഇന്ന് സമരപ്പന്തലില്‍ പിന്തുണയുമായെത്തി.