തൃശ്ശൂര്‍: കേരളം ആകാംക്ഷയോടെ കാത്തിരുന്ന ആ ഭാഗ്യശാലി ഇതാ, ഓണം ബമ്പര്‍ ഒന്നാം സമ്മാനം തൃശൂരാണെന്ന് അറിഞ്ഞതു മുതല്‍ ആ ഭാഗ്യശാലിയെ തേടുകയായിരുന്നു എല്ലാവരും.
പത്തുകോടിയുടെ ഓണം ബമ്പറിലൂടെ ഭാഗ്യദേവത തേടിയെത്തിയത് തൃശൂര്‍ അടാട്ട് സ്വദേശിനി വല്‍സല വിജയനെയാണ്. ഭര്‍ത്താവ് മരിച്ച വല്‍സല (58) ഇപ്പോള്‍ മൂന്ന് മക്കളോടൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ് 58 കാരിയായ വല്‍സല. കഴിഞ്ഞ മാസം പടിഞ്ഞാറെ കോട്ടയിലെ എസ്എസ് മണിയന് ഏജന്‍സിയില്‍ നിന്നാണ് ലോട്ടറി വാങ്ങിയത്. സാധാരണ ഫലം വരുമ്പോള്‍ താഴെയുളള സമ്മാനം ആര്‍ക്കാണെന്നാണ് ആദ്യം നോക്കാറുളളത്. ഇത്തവണ ആദ്യം കണ്ണ് പോയത് 10 കോടിയിലേക്ക് തന്നെ. ഫലം കണ്ടതോടെ ഞെട്ടിപ്പോയി.
കാലപഴക്കത്താല്‍ സ്വന്തമായുണ്ടായിരുന്ന വീട് തകര്‍ന്നതോടെ വാടക വീട്ടിലായി താമസം. സ്വന്തമായൊരു വീടുണ്ടാക്കണം എന്നതാണ് വത്സലയുടെ ആഗ്രഹം. സ്വന്തം വീടില്ലാത്തതിനാല്‍ ഇളയമകന്റെ വിവാഹം നീണ്ടുപോകുകയാണ്. ക്യാന്‍സര്‍ ബാധിച്ച് രണ്ടു വര്‍ഷം മുമ്പ് വത്സലയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
എസ്എസ് മണിയന് ഏജന്‍സിയില്‍ വിറ്റ ടിബി 128092 എന്ന ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപയാവും വല്‍സലയ്ക്ക് ലഭിക്കുക. വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജന്‍സിയ്ക്കും കിട്ടും അരക്കോടി.
10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും.
20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടിവരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍.