ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിനായ് സുമനസ്സുകളുടെ നിലയ്ക്കാത്ത സഹായം. ദുരിതബാധിതര്‍ക്കായി ഹിമാചല്‍ ഡ്രഗ്ഗ് മാനുഫാക്ചേഴ്സിന്റെ 2.04 കോടി രൂപയുടെ മരുന്നുകള്‍ ഉടന്‍ കേരളത്തിലെത്തും. ആവശ്യമരുന്നുകള്‍ ഉള്‍പ്പെടെ 88 ഓളം ഇനം മരുന്നുകള്‍ ഹിമാചലിലെ വിവിധ നിര്മ്മാക്കളില് നിന്നും ശേഖരിച്ച് ഡ്രഗ് മാനുഫാക്ചേഴ്സ് അസോസിയേഷന് സൗജന്യമായി ഡല്‍ഹി കേരള ഹൗസില്‍ എത്തിക്കുകയായിരുന്നു.
സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകര്‍ ജസ്റ്റിസ് കുര്യന് ജോസഫിന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിസി ചൗധരി, സീനിയര്‍ അഭിഭാഷകന് സഞ്ജീവ് ഭൂഷണ്, ഹിമാചല്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് തുടങ്ങിയവര്‍ വഴി നടത്തിയ ഇടപെടലുകളാണ് അവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കാന്‍ ഇടയാക്കിയത്.
ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡിസി ചൗധരി, സീനിയര്‍ അഭിഭാഷകന് സഞ്ജീവ് ഭൂഷണ്, ഹിമാചല്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് മരുന്നുകളും വഹിച്ചുള്ള വാഹനത്തിന് ഫ്ളാഗ് ഓഫ് ചെയ്തു. കേരളഹൗസിലെത്തിയ മരുന്നുകള്‍ വിമാനമാര്‍ഗമാണ് കേരളത്തിലെത്തുക.