തിരുവനന്തപുരം: പ്രളയക്കെടുതിമൂലം മാറ്റി വച്ച ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബറില്‍ ക്ലാസ് പരീക്ഷ നടത്തിയേക്കും. സര്‍ക്കരിനു ശുപാര്‍ശ ചെയ്യുന്നതിനായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുപിഐ)വിലയിരുത്തല്‍ സമിതി ചൊവ്വാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ ചേംബറില്‍ ചേരും. കൂടാതെ ഈ വര്‍ഷത്തെ മുഴുവന്‍ പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ചും സമിതി തീരുമാനമെടുക്കും.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ജില്ലാതലങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിദിനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ച നീട്ടാന്‍ ക്യുഐപി യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് പ്രളയം വന്നതും ആഗസ്ത് 28 വരെ സ്കൂള്‍ അടച്ചിടേണ്ടി വന്നതും. പരീക്ഷ നടത്താതെയാണ് സ്കൂള്‍ പൂട്ടിയത്. ആലപ്പുഴ ഉള്‍പ്പെടെ പല ജില്ലകളിലെയും നിരവധി സ്കൂളുകള്‍ ഓണം കഴിഞ്ഞും തുറക്കാന്‍ കഴിയാത്ത സ്ഥിതിയായി. ആയിരക്കണക്കിന് കുട്ടികളുടെ പഠന സാമഗ്രികള്‍ നശിച്ചു. ഈ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി പരീക്ഷ വീണ്ടും നീട്ടിവയ്ക്കേണ്ട സാഹചര്യവുമുണ്ട്.
ഉപേക്ഷിച്ച ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു പകരം രണ്ടാം പാദവാര്‍ഷിക പരീക്ഷ നടത്തണമെന്ന് അധ്യാപക സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ സാധിച്ചില്ല. പരിഹാരമായി ഒക്ടോബറില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ക്ലാസ് അടിസ്ഥാനത്തില്‍ പരീക്ഷ സംഘടിപ്പിക്കാമെന്ന് തീരുമാനിച്ചത്. ഇതില്‍ അന്തിമ തീരുമാനം ക്യുഐപി യോഗ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും.