കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ സമരം ഒടുവില്‍ ഫലം കണ്ടു. വനിതാ ഹോസ്റ്റലില്‍ ഇനി രാത്രി 9.30വരെ പ്രവേശനം അനുവദിക്കും. 7.30നു പ്രവേശനം അവസാനിപ്പിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രി 9.30 വരെ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാം. വൈസ്പ്രിന്‍സിപ്പല്‍ കെ പി ജയകുമാറിന്റെ നിര്‍ദേശമനുസരിച്ചാണു പ്രവേശനം സമയം ദീര്‍ഘിപ്പിച്ചത്.
ഹോസ്റ്റല്‍ വാര്ഡന് ലില്ലിക്കുട്ടി (പതോളജി), അസിസ്റ്റന്റ് വാര്ഡന് പുഷ്പ (ഇഎന്‍ടി) എന്നിവര്‍ക്ക് വൈസ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം ലഭിച്ചതോടെയാണ് ഹോസ്റ്റല്‍ പ്രവേശന സമയം രാത്രി 9.30 വരെയാക്കിയത്.
പഠനവും ക്ലാസുകളും കഴിഞ്ഞു വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലിലെത്തുമ്പോള് പലപ്പോഴും സമയം ഒമ്പതരയാകും. ഇതിനാല്‍ ഹോസ്റ്റല്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ഏറെ നാളായുള്ള ആവശ്യം. പിടിഎയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന്റെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണു വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ സമരം തുടര്‍ന്നതോടെ ആവശ്യം താല്കാലികമായി അംഗീകരിക്കുകയായിരുന്നു.