കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുളള സമരം ഒന്‍പതാം ദിവസത്തിലേക്ക്. ഈ വേളയില്‍ സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. വൈദികരടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ഹൈക്കോടതി കവലയിലെ വഞ്ചി സ്ക്വയറില്‍ നടക്കുന്ന സമരത്തില്‍ വൈദികര്‍ അടക്കമുള്ളവര്‍ നില്‍പ്പ് സമരത്തിന് അണിനിരന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മ ഇന്ന് കൊച്ചിയിലെത്തി തങ്ങളുടെ പിന്തുണ അറിയിക്കും. അതിനിടയില്‍ അന്വേഷണം തീര്‍ന്ന ശേഷം ഉത്തരവാദിത്വപ്പെട്ടവര്‍ നടപടിയെടുക്കുമെന്നും ഇപ്പോള്‍ ഇടപെടാനാവില്ലെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
എന്നാല്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു. മൂന്നു സഹവൈദികര്ക്ക് ചുമതലകള്‍ വീതിച്ചു നല്‍കിക്കൊണ്ട് ഫ്രാങ്കോ സഭയിലെ അംഗങ്ങള്‍ക്ക് കത്തും അയച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായാണ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ചുമതലകള്‍ സഹമെത്രാന്മാര്ക്ക് വീതിച്ചു നല്‍കിയത്. എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ സഭയിലെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അയച്ച ആഭ്യന്തര സര്‍ക്കുലറില്‍ പറയുന്നു.