കൊച്ചി: ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യം സാധിക്കാന്‍ പോകുന്നു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് ഇനി ബസുകളിലും മെട്രോയിലും യാത്ര ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ 15 ബസുകളില്‍ കൊച്ചി വണ്കാര്ഡുകള് ഉപയോഗിച്ചു തുടങ്ങി. രണ്ടു മാസത്തിനകം കൊച്ചിയിലെ ബസുകളില്‍ ഇത് പൂര്‍ണമായും നടപ്പാക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
കാര്‍ഡുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജിപിഎസ് ഘടിപ്പിക്കല്‍ പൂര്‍ത്തിയായി. 720 ബസുകളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡാണ് കൊച്ചി വണ്‍ കാര്‍ഡ്. ഇതുപയോഗിച്ച് ബസില്‍ മാത്രമല്ല ഭാവിയില്‍ ഓട്ടോയിലും യാത്ര സാധ്യമാകും. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളില്‍ ഇപ്പോള്‍ കാര്‍ഡുപയോഗിച്ച് യാത്ര ചെയ്യാം. ആക്സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. കൊച്ചി വണ്‍ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മൊബൈലില്‍ കിട്ടും.
മെട്രോയിലെ യാത്രയ്ക്കായി ഇതുവരെ 20,000 പേര് കൊച്ചി വണ്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. യാത്രാനിരക്കില്‍ ഇളവുള്പ്പെടെയുളള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. മെട്രോയ്ക്കനുബന്ധമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് കെഎംആര്‍എല്‍. മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. യാത്രാ സര്‍വീസുകളുടെ ഏകോപനം ഉദ്ദേശിച്ചാണ് സ്വകാര്യ ബസുകളുടെ കൂട്ടായ്മ രൂപവത്കരിച്ചതെന്നും ഏഴു കൂട്ടായ്മകളാണുള്ളതെന്നും കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ പ്രതിനിധിയായ കെഎം നവാസ് പറഞ്ഞു. പുതിയ സംവിധാനം ഏറെ സൗകര്യപ്രദമാണെന്നും ഇത് അധികം വൈകാതെ തന്നെ കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.