മലപ്പുറം: ക്യാന്‍സറെന്ന മഹാമാരിയെയും തങ്ങളുടെ പ്രണയം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് സച്ചിനും ഭവ്യയും. കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച ഇരുവരുടെയും കഥ സോഷ്യല്‍ ലോകം ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു. ലോകത്തെമ്പാടുനിന്നും പ്രര്ത്ഥനകളും അവര്‍ക്കായ് ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഭവ്യയുടെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ കണ്ട് അവരെ സ്നേഹിക്കുന്നവരും സന്തോഷിക്കുകയാണ് അകമഴിഞ്ഞ്. രോഗത്തെ കുറിച്ച് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ സച്ചിന് തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
‘വിവാഹത്തിന് ശേഷം ഞങ്ങള്‍ എറണാകുളത്തെ ആശുപത്രിയില്‍ കീമോ ചെയ്യുവാന്‍ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോര്‍ട്ടുകള്‍ പോസിറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മരുന്നുകളെക്കാള്‍ ഫലിച്ചത് നിങ്ങള്‍ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയാണെന്ന് സാരം, ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരെയും അനുഗ്രഹിച്ചതിന് സ്നേഹിച്ചതിന്, ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച ഭവ്യക്ക് ഓപ്പറേഷന് തയ്യാറാവാന്‍ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയില്‍ അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.’
സച്ചിന്റെയും ഭവ്യയുടെയും പ്രണയവും വിവാഹവും മലയാളിയുടെ നിറഞ്ഞ അനുഗ്രഹത്തോടയായിരുന്നു. ഭവ്യയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിട്ടും അവളെ കൈവിടാതെ കൂടെനിന്നു സച്ചിന്. അവളുടെ ചികില്‍സയ്ക്കായി അവനും ജോലിക്കിറങ്ങി. ഒടുവില്‍ കീമോ ചികില്‍സ പുരോഗമിക്കുന്നതിനിടയില്‍ കാന്‍സറിനെ പ്രണയം കൊണ്ട് മറികടന്ന് അവളെ ജീവിതസഖിയാക്കി.