കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഏഴാം ദിവസത്തിലേക്ക്. ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്നുണ്ട്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.
ബിഷപ്പിന് രക്ഷപ്പെടാന്‍ ഉള്ള സമയം അനുവദിക്കുകയാണ് കോടതി ചെയ്യുന്നതെന്നും സിസ്റ്റര്‍ ജോസെഫൈന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. യുവാക്കളും സ്ത്രീ സംഘടനകളും കന്യാസ്ത്രീകള്‍ക്കൊപ്പം അണിനിരക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കന്യാസ്ത്രീകള്‍ ആലോചിക്കുന്നത്. നിരാഹാരമനുഷ്ഠിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ തീരുമാനം.
കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.അതോടൊപ്പം പഴയ കേസായതിനാല്‍ അന്വോഷണത്തിന് കാലതാമസമെടുക്കുന്നത് സ്വാഭാവികമാണെന്നും ഹര്‍ജിക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നും, തെളിവുകള്‍ പോലീസ് ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന പേടിവേണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.