കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുളള ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തെളിവുകള്‍ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുധ്യം ഉണ്ട്. അതുകൊണ്ടാണ് തെളിവുകള്‍ വിലയിരുത്തിയ ശേഷമേ അറസ്റ്റുള്‍പ്പെടെയുളള കാര്യങ്ങളിലേക്ക് കടക്കുവെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. ഇത് അല്പസമയത്തിനകംകോടതിയെ അറിയിക്കും.
ബിഷപ്പിനെ ഒരു വട്ടം ചോദ്യം ചെയ്തെന്നും രണ്ടാമതും ചോദ്യം ചെയ്യേണ്ടതുണ്ടന്നും ബിഷപ്പിന് നോട്ടീസ് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഹാജരാവും. ഈ മാസം 19 ന് കോട്ടയത്ത് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയെന്നും കോടതിയെ അറിയിക്കും. ഓഗസ്റ്റ് 9 ന് ശേഷം കേസിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച് 25 പേജുള്ള വസ്തുതാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും .
അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ ഐജി വിജയ് സാക്കറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതിനു ശേഷമാണ് ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനോട് 19 ന് ഹാജറാകാന്‍ നോട്ടീസയക്കാന്‍ തീരുമാനം ഉണ്ടായത്. ഹാജരാകുന്ന ബിഷപ്പിനെ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യുന്നത്. മൊഴികളിലെ വൈരുധ്യം തീര്‍ക്കാന്‍ വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും.