തൃശൂര്‍: ഹര്‍ത്താലിനിടെ നിരത്തുകളിലും മറ്റും ജനജീവിതം സ്തംഭിച്ചെങ്കിലും അത്ഭുതപൂര്‍വമായ തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുണ്ടായത്. 137 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ നടന്നത്. ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചിങ്ങ മാസത്തിലെ തിങ്കളാഴ്ചയും ഉത്രം നാളും കൂടിയായപ്പോള്‍ വിവാഹത്തിന് ശുഭകരമെന്ന വിശ്വാസത്തിലാണ് കൂടുതല്‍ വിവാഹങ്ങള്‍ ഈ ദിവസമായത്.
ഇന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തേണ്ടവര്‍ കഴിഞ്ഞദിവസം തന്നെ സമീപത്തെ ലോഡ്ജുകളിലെത്തി. സ്വകാര്യ വാഹനങ്ങള്‍ കൊണ്ട് ലോഡ്ജുകളുടെ പരിസരം നിറഞ്ഞിരുന്നു. ഗുരുവായൂരിലെ ഹോട്ടലുകള്‍ പുലര്‍ച്ചെ നാലു മണി മുതല്‍ ആറുമണി വരെ പ്രവര്‍ത്തിച്ച ശേഷം അടച്ചു.
കെഎസ്ആര്‍ടിസി ഉള്‍പ്പടെയുളള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ലെങ്കിലും ക്ഷേത്രദര്‍ശനത്തിനും കല്യാണത്തിനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 137 വിവാഹങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ നടന്നു. 368 ചോറൂണ് ചടങ്ങും നടന്നു. സദ്യാലയങ്ങളിലും തിരക്ക് അനുഭവപ്പെട്ടു
അതേസമയം, ഹര്‍ത്താലിനെ തുടര്‍ന്ന് കടകള്‍ അടഞ്ഞു കിടക്കുന്നത് ക്ഷേത്രത്തിലെത്തിയവരെ ബുദ്ധിമുട്ടിലാക്കി. കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങിയില്ല. ട്രെയിനില്‍ യാത്ര ചെയ്താണ് ഏറെപേരും ക്ഷേത്രത്തില്‍ എത്തിയത്.
ഞായറാഴ്ച്ച തന്നെ ലോഡ്ജുകളെല്ലാം നിറഞ്ഞിരുന്നു. ഓഡിറ്റോറിയങ്ങളും സദ്യയുമെല്ലാം നേരത്തെ തന്നെ ഏര്‍പ്പാടാക്കിയതാണ്. ഞായറാഴ്ച 13 വിവാഹങ്ങളും 738 ചോറൂണും നടന്നു.