ചെറുതോണി: ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തില്‍ കരിമ്പന്‍ ചപ്പാത്തിനു സമീപത്തെ വീടിനുള്ളില്‍ താഴത്തെ നില മുഴുവനും മൂടിയ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവില്‍ നീക്കം ചെയ്തു.
കരിമ്പന്‍ കല്ലുറുമ്പില്‍ ഷിജുവിന്റെ വീടിനുള്ളിലായിരുന്നു ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയിരുന്നത്. സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്.
സമീപത്തെ പാറക്കല്‍ ടോമി, തടിക്കല്‍ ജോര്‍ജ് എന്നിവരുടെ വീടുകളിലും സമാനമായ രീതിയില്‍ മണ്ണു മൂടിയിരുന്നു. ചിറകെട്ടി വഴിതിരിച്ചുവിട്ട വെള്ളം വീടിന്റെ ഭിത്തികളില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തെത്തിച്ചത്. മുറികളുടെ ഭിത്തികളിലും ദ്വാരമുണ്ടാക്കി വെള്ളം ഉള്ളിലൂടെ ഒഴുക്കി പുറത്തേക്കു വിടുകയാണു ചെയ്തത്. അണക്കെട്ട് തുറന്നതിനു പുറമേ, മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുതിച്ചെത്തിയ മണ്ണും മണലുമെല്ലാമാണു വീടുകളിലേക്ക് അടിച്ചുകയറിയത്.