കോഴിക്കോട്: പ്രളയക്കെടുതിയിലായ ജന്മനാടിന് ലോകത്തിന്റെ പല കോണില്‍ ഇരുന്നാണ് മലയാളികള്‍ സഹായവുമായി എത്തിയത്. പിറന്നനാടിന്റെ ദുരിതം കണ്ടുനില്ക്കാന് കഴിയാതെ നെഞ്ചുപിടച്ചവര് ചെയ്യാവുന്നതൊക്കെ ചെയ്തു, ദുരിതത്തില്‍ നിന്നും കരകയറ്റി. ഐഎഎസ് ഓഫീസറാണെന്ന് അറിയിക്കാതെ കേരളത്തിലെത്തി ചുമടേറ്റി കൈയ്യടി നേടിയ കണ്ണന് ഐഎഎസിനെ പോലെ അന്യനാട്ടിലിരുന്ന് കേരളത്തിന്റെ കണ്ണീരൊപ്പിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. പിബി സലിം.
മൂവാറ്റുപുഴക്കാരനായ ഡോ. പിബി സലിം വെസ്റ്റ് ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഏറ്റവും കൂടുതല്‍ കാലം കോഴിക്കോട് കലക്ടറുടെ കസേരയിലിരുന്ന് ജനഹൃദയങ്ങള്‍ കീഴടക്കിയ ഉദ്യോഗസ്ഥന്. മൂന്നു വര്‍ഷവും മൂന്നു മാസവും. മാറാട് സ്പര്‍ശം ഉള്‍പ്പെടെ നിരവധി ജനകീയ പദ്ധതികള്‍ കോഴിക്കോട്ട് അവതരിപ്പിച്ച ഉദ്യോസ്ഥന്. കോഴിക്കോടിന്റെ ഹൃദയത്തില്‍ കുടിയേറിയ ഐഎഎസുകാരന്.
നിലവില്‍, വെസ്റ്റ് ബംഗാളില്‍ ഗവണ്മെന്റ് സെക്രട്ടറി. ഫിനാന്‍സ് കോര്പറേഷന് മേധാവി. ഡപ്യൂട്ടേഷനില്‍ കേരളത്തില്‍ കുറച്ചുകാലം ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. കിട്ടിയ ആ അവസരം കൊണ്ട് മലയാളികള്‍ക്ക് പരിചിതനായ ഉദ്യോഗസ്ഥന്.
പ്രളയത്തിനിടെ മലയാളി ദുരിതം താണ്ടുന്നത് കണ്ടപ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച മനുഷ്യ സ്നേഹി. അനിയന് പിബി നൂഹ് പത്തനംതിട്ട കലക്ടറാണ്. മൂവാറ്റുപുഴയിലെ വീടിന്റെ സമീപത്തു വരെ എത്തി പ്രളയജലം. പ്രളയ സമയത്ത് വീട്ടിലേക്ക് വരാനിരുന്നതായിരുന്നു. ഓഗസ്റ്റ് പതിനാറിന് നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനം ഇറങ്ങിയതാകട്ടെ തിരുവനന്തപുരത്തും. പിന്നെ, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ബംഗാളിലേക്ക് മടങ്ങി. കാരണം, സ്വന്തം നാട്ടിലേക്ക് പ്രളയത്തിനിടെ എത്തിപ്പെടുക പ്രയാസമായിരുന്നു.
പ്രളയവും ദുരിതവും കണ്ടപ്പോള്‍ മലയാളി കൂടപ്പിറപ്പുകളെ സഹായിക്കാന്‍ മനസ് പിടച്ചു. എങ്ങനേയും കേരളത്തിലേക്ക് സഹായം എത്തിക്കണമെന്നായി ചിന്ത. വെസ്റ്റ് ബംഗാള്‍ കേഡറിലുള്ള രണ്ടു മലയാളി ഐഎഎസ് ഉദ്യോഗസ്ഥരെ ഒപ്പംക്കൂട്ടി. ഐഷ റാണി, ബിജിന് കൃഷ്ണ.
ഈ മൂന്നംഗ മലയാളി ഐഎഎസ്. സംഘം സ്വന്തം നാട്ടുകാരെ സഹായിക്കാന്‍ മെനക്കെട്ടപ്പോള്‍ സ്വരൂപിക്കാനായത് ഒരു കോടി രൂപയുടെ സാധനങ്ങള്‍. പിബി സലിം കലക്ടറായിരുന്ന കൊല്‍ക്കത്ത ദക്ഷിണ പര്ഗ്നസില് നിന്ന് കിട്ടിയതും വലിയ സഹായം.
വസ്ത്രനിര്മാതാക്കളോട് സഹായം ആരാഞ്ഞപ്പോള്‍ അവര്‍ 70 ലക്ഷം രൂപ വില വരുന്ന പുതിയ വസ്ത്രങ്ങള്‍ നല്കി. സാരിയും കുട്ടികളുടെ ഡ്രസും ഉള്‍പ്പെടെ 28,232 എണ്ണം. പിബി സലിം കലക്ടര്‍ ആയിരുന്ന നാദിയ ജില്ലയിലെ ബര്‍ധമാനില്‍ നിന്ന് റൈസ് മില്‍ ഓണേഴ്സ് അസോസിയേഷനും സഹായിച്ചു. 66 മെട്രിക് ടണ്‍ പുഴുങ്ങലരി ലഭിച്ചു. കൊല്‍ക്കത്തയിലെ ഡ്രഗ്സ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന് മുഖേന ഏകദേശം 25 ലക്ഷം രൂപ വിലവരുന്ന അവശ്യ മരുന്നുകളും മറ്റു സാധനങ്ങളും നല്കി.
ഏഴു പ്രത്യേക ബോഗികളിലായി 140 മെട്രിക് ടണ്‍ സാധനങ്ങളാണ് കോഴിക്കോട്ടേയ്ക്ക് അയച്ചത്. വയനാട്ടിലെ ദുരിതബാധിതര്‍ക്കു വേണ്ടി. പതിനാറു ടണ്‍ സാധനങ്ങള്‍ കപ്പല്‍ വഴി കൊച്ചിയിലേക്കും അയച്ചു. ആലുവ, പെരുമ്പാവൂര്‍ മേഖലകളിലേക്കാണ് അയച്ചത്. ഇക്കാര്യം, കോഴിക്കോട്, എറണാകുളം ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ആ കപ്പല്‍ നാളെ കൊച്ചിയില്‍ എത്തും.