തിരുവനന്തപുരം: പ്രളയസമയത്തെ ജര്‍മ്മന്‍ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ രാജു. ജര്‍മനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാര്‍ട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളുന്നെന്നും രാജു പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് രാജു കുറ്റസമ്മതം നടത്തിയത്.
മന്ത്രിയുടെ യാത്ര പാര്‍ട്ടിക്ക് കളങ്കമായെന്നു യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ യശസ്സിന് യാത്രാവിവാദം മങ്ങലേല്‍പ്പിച്ചു. മുന്നണിക്കുള്ളിലും നാണംകെട്ടു. മന്ത്രിയുടേത് വകതിരിവില്ലാത്ത തീരുമാനമായിപ്പോയെന്നും യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.
യാത്ര തെറ്റായിപ്പോയെന്ന് ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞുമടങ്ങിയെത്തിയ ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരസ്യമായി രാജുവിനെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണു മന്ത്രി ജര്‍മനിയിലേക്കു പോയത്. എന്നാല്‍ സംഭവം വിവാദമായതോടെ യാത്ര വെട്ടിച്ചുരുക്കി കേരളത്തില്‍ മടങ്ങിയെത്തുകയായിരുന്നു.