തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് സഹായവുമായി എത്തി, വ്യത്യസ്തമായി കൈയ്യടി നേടിയത് ദാദ്രനഗര്‍ ഹവേലി കളക്ടറും മലയാളിയുമായ കണ്ണന് ഗോപിനാഥന് ആയിരുന്നു. ജന്മനാട് പ്രളയക്കെടുതിയിലായപ്പോള്‍ ആളറിയാതെ എറണാകുളത്തെ ദുരിതാശ്വാസക്യാമ്പില്‍ സജീവ പ്രവര്‍ത്തനത്തിലായിരുന്നു ഈ യുവ കലക്ടര്‍.
ആരോരുമറിയാതെ ഇവിടെ വന്ന് ദുരിതബാധിതരെ സഹായിച്ച ദാദ്ര- നഗര്‍ ഹവേലി കളക്ടറും മലയാളിയുമായ കണ്ണന് ഗോപിനാഥന് അഭിനന്ദനങ്ങളും നന്ദി അറിയിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇരവിനല്ലൂര്‍ ചന്ദനത്തില്‍ ഗോപിനാഥന് നായര്‍- കുമാരി ദമ്പതികളുടെ മകന് കൊടുക്കാം നമുക്ക് കേരളത്തിന്റെ ഒരു ബിഗ് സല്യൂട്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പ്രളയശേഷം 10 ദിവസം അവധിയെടുത്ത് കേരളത്തിലെ വിവിധ കളക്ഷന്‍ സെന്ററുകളിലും ക്യാമ്പുകളിലും കണ്ണന് രാപകല്‍ അധ്വാനിച്ചത് കളക്ടറുടെ എല്ലാവിധ ആടയാഭരണങ്ങളും അഴിച്ചുവച്ചാണ്.
26ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കളക്ഷന്‍ സെന്ററില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ നേരേ പോയത് പത്തനംതിട്ടയ്ക്ക്. ഓരോ ദിവസവും ഓരോ ക്യാമ്പില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ലുമുറിയെ പണിയെടുത്തു. രാത്രി ലോഡ്ജുകളിലും മറ്റും ചെലവഴിച്ചു. ഒടുവില്‍ എറണാകുളം കെബിപിഎസ് പ്രസിലെ കളക്ഷന്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ എത്തിയ ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയാണ് കണ്ണനെ തിരിച്ചറിഞ്ഞത്.
ആദ്യദിനം കണ്ണന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്കും നല്‍കിയിരുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേട്ട നിരവധി ചെറുത്തുനില്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഗാഥകളോട് നമുക്ക് കണ്ണന്റെ സേവനത്തെയും ചേര്‍ത്തുവയ്ക്കാം.