കൊല്ലം: പ്രളയബാധിത മേഖലകളിലെ കുട്ടികള്‍ക്ക് കോഴിമുട്ടയുമായി മൃഗസംരക്ഷണ വകുപ്പ്. നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് കൊല്ലം ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് മുട്ട വിതരണം ചെയ്യുന്നത്.
പ്രളയാനന്തരം വീടുകളിലേക്ക് മടങ്ങിയ കുരുന്നുകള്‍ക്ക് പോഷക സുരക്ഷയ്ക്ക് വേണ്ടിയാണ് സൗജന്യമായി കോഴിമുട്ട നല്‍കുന്നത്. കൊല്ലം ജില്ലയില്‍ മഴക്കെടുതി കൂടുതലായി അനുഭവപ്പെട്ട മണ്‍റോത്തുരുത്ത്, കുന്നത്തൂര്‍, ശൂരനാട്, പാവുമ്പ, ശാസ്താംകോട്ട, കല്ലട തുടങ്ങിയ ഇടങ്ങളിലാണ് മുട്ട വിതരണം.
നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഒരുലക്ഷം മുട്ടയാണ് മൃഗസംരക്ഷണവകുപ്പ് വിതരണം ചെയ്യുന്നത്. പ്രളയബാധിത മേഖലകളില്‍ മൃഗസംരക്ഷണവകുപ്പ് പ്രത്യേക ക്യാംപും സംഘടിപ്പിക്കുന്നുണ്ട്.