കോട്ടയം: സമാനതകളില്ലാത്ത പ്രളയത്തെയാണ് കേരളം അതിജീവിക്കുന്നത്. ആര്‍ത്തലച്ച് കരകവിഞ്ഞ് ഒഴുകിയിരുന്ന എല്ലാ നദികളും ജലനിരപ്പ് താഴ്ന്ന് വറ്റിവരണ്ട അവസ്ഥയിലാണ്. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ അതിഭീകരാവസ്ഥയെയാണ്.
ദിവസങ്ങള്‍ക്കു മുന്‍പു കരകവിഞ്ഞൊഴുകിയിരുന്ന നദികള്‍ നേര്‍ത്ത നീര്‍ച്ചാലുകളായി മാറി. ടണ്‍ കണക്കിനു മാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ നദികളുടെ വീണ്ടെടുപ്പു പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒരു പ്രളയത്തിനു പിന്നാലെ വരാറുള്ളതു കൊടും വരള്‍ച്ചയാണെന്ന ശാസ്ത്രം ശരിവയ്ക്കുന്നതാണു കേരളത്തിലെ പുഴകളുടെ കാഴ്ചകള്‍. അക്കരെയെത്താന്‍ വള്ളങ്ങള്‍ വേണ്ടി വന്നിരുന്ന പുഴകളിലൂടെ നടന്നു പോകാന്‍ പാകത്തിനു ജലനിരപ്പു താഴ്ന്നു.
പുഴയുടെ കൈവഴികളെല്ലാം മണ്ണിട്ടു നികത്തിയതാണു പ്രളയത്തിന് ഇടയാക്കിയത്. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളും പാടങ്ങളും ഇതേ നികത്തലിന് ഇരയായതാണ് പ്രളയകാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പുഴയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞുകൂടി. ശുദ്ധമായ വെള്ളം പോലും കിട്ടാത്ത ദുരാവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ഇനിയൊരു പ്രളയത്തെ തടുക്കാന്‍ പ്രകൃതിയെയും പുഴകളെയും വീണ്ടെടുക്കേണ്ട ദൗത്യം കൂടി നാം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ട്.