തിരുവനന്തപുരം: ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കലോത്സവവും ചലച്ചിത്ര മേളയും വേണ്ടെന്ന് വച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെതിരേ അതൃപ്തി പുകയുന്നു. സ്കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച നടപടിക്കെതിരേ സാംസ്കാരിക വകുപ്പ് തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. വകുപ്പ്മന്ത്രിയോടു പോലും കൂടിയാലോചന നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം.
ആഘോഷങ്ങള്‍ ഒഴിവാക്കി കലോത്സവം നടത്താമെന്ന വിലയിരുത്തലിലായിരുന്നു സാംസ്കാരിക വകുപ്പ്. വേദിയായി ആലപ്പുഴ തന്നെ മതിയെന്നും വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കലോത്സവം റദ്ദാക്കിയെന്ന ഉത്തരവ് പൊതുഭരണവകുപ്പ് പുറപ്പെടുവിച്ചത്.
ചലച്ചിത്ര മേള റദ്ദാക്കിയതിനെതിരേ ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ രംഗത്തുവന്നു. സര്‍ക്കാര്‍ പണം ചെലവഴിക്കാതെ മേള നടത്താന്‍ സാധിക്കുമെന്നും അക്കാഡമി പണം ഇതിനായി ഉപയോഗിക്കാമെന്നും കമല്‍ പറഞ്ഞു. പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വിഷമം രേഖപ്പെടുത്തിയ കമല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇല്ലെന്നും വ്യക്തമാക്കി.