കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിലെ ആരോപണങ്ങള്‍ തള്ളി ജയില്‍ ഡിജിപി ആര് ശ്രീലേഖ. ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത് കൃത്യമായ ബോധ്യത്തോടെയാണ്, രാഷ്ട്രീയം നോക്കിയല്ല. ഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണു നടപടിയെന്നും ആര് ശ്രീലേഖ പറഞ്ഞു.
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് അസി. പ്രിസണ്‍ ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ചായ്വ് നോക്കിയാണു നടപടികളെന്ന ആരോപണം അവര്‍ തള്ളി. വ്യക്തമായി പഠിച്ചശേഷമാണു നടപടി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെപി ദീപ, മിനി തെക്കേവീട്ടില്‍ എന്നിവരെയാണു ജയില്‍ മേധാവി സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്നിരിക്കെ അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലില്‍ ഉറപ്പുവരുത്തുകയും ചെയ്യാതിരുന്ന കുറ്റത്തിന് സൂപ്രണ്ട് പി ശകുന്തളയെ സസ്പെന്‍ഡ് ചെയ്യാനും ശുപാര്‍ശയുണ്ട്.
സംഭവദിവസം ജയിലിലെ നിരീക്ഷണം നേരിട്ടു കൈകാര്യം ചെയ്തവരുടെ വീഴ്ച, മേല്‍നോട്ടം വഹിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച, സ്ഥാപനത്തിനു മൊത്തത്തിലുണ്ടായ സുരക്ഷാ വീഴ്ച എന്നിങ്ങനെ മൂന്നു തലങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കഴിഞ്ഞ 24നു നടന്ന ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചാം ദിവസമാണ് ജയില്‍ ഡിഐജി കണ്ണൂര്‍ ജയിലിലെത്തിയത്.