ചേര്‍പ്പ്: പ്രളയം നഷ്ടം വിതച്ച കോള്‍പ്പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള പരിശ്രമത്തിലാണ് കോടന്നൂരിലെ കര്‍ഷകര്‍. പടവ് മുണ്ടകന്‍കൃഷിക്ക് വീണ്ടും തുടക്കം കുറിക്കുന്നത് 1.15 കോടിരൂപയുടെ നഷ്ടം സഹിച്ചാണ്. ഇതിന് മുന്നോടിയായി പൊഴുതുമാട്ടം എന്ന ചടങ്ങു നടന്നു. പൊഴുതുമാട്ടത്തിന്റെ പ്രധാന ചടങ്ങ് കോള്‍പ്പടവിലെ ബണ്ടിന്റെ അരികുവശം മുളങ്കുറ്റിയും മെടഞ്ഞ ഓലയും മുളയുംകൊണ്ട് തയ്യാറാക്കിയ തൈതലും ഉപയോഗിച്ച് കെട്ടി മണ്ണിട്ടുറപ്പിക്കുന്നതാണ.്
പ്രസിഡന്റ് പഴോര് അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ നടമ്മ ചടങ്ങില്‍ പടവുകമ്മിറ്റി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. പടവിലെ 80 മീറ്റര്‍ ബണ്ട് ഒലിച്ചുപോവുകയും 40 മീറ്റര്‍ കരിങ്കല്‍ക്കെട്ടു തകരുകയും ചെയ്തു. എട്ടു മോട്ടോറുകള്‍ക്ക് കേടുപറ്റി. ഇവയില്‍ ഒഴിക്കേണ്ട അഞ്ഞൂറോളം ലിറ്റര്‍ ഓയിലും നഷ്ടപ്പെട്ടു. 40,000 രൂപ വിലയുള്ള ആറു ബെല്‍റ്റുകളും കേടായി. ചില മോട്ടോര്‍ ഷെഡ്ഡുകള്‍ വെള്ളത്തിലാണ്, ചിലത് തകര്‍ന്നുവീഴാറായ നിലയിലും. രണ്ടു ട്രാന്‍സ്ഫോര്‍മറുകള്‍ മുങ്ങി. ഏഴു ടില്ലറുകള്‍ തകരാറിലായി. സ്ലൂയീസുകള്‍ നിയന്ത്രിക്കുന്ന പലകകള്‍ നശിച്ചു. ബണ്ടു പുനര്‍നിര്‍മാണം (85ലക്ഷം) മോട്ടോര്‍, എന്ജിന് തറകള്‍, ഷെഡ്ഡുകള്‍, പെട്ടി, പറ മുതലായവ ശരിയാക്കാന്‍ (25 ലക്ഷം), ടില്ലറുകള്‍ മുതലായവ ശരിയാക്കാന്‍ (ഒരുലക്ഷം), സംരക്ഷണഭിത്തി കെട്ടാന്‍ (നാലുലക്ഷം) എന്നിങ്ങനെ 1.15 കോടിരൂപയുടെ ആവശ്യകതയാണ് കണക്കാക്കുന്നട്.
സെപ്റ്റംബര്‍ 20നകം അടിയന്തര പണികള്‍ നടത്തി മുണ്ടകന്‍കൃഷി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു. 475 ഏക്കര്‍ വരുന്ന പടവില്‍ ഉള്ളത് 582 കര്‍ഷകരാണ്.