ചണ്ഡിഗഢ്: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. 43 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനേ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോവയിൽ വെച്ചായിരുന്നു അന്ത്യം. ഹരിയാനയിൽ നിന്നുള്ള ഇവർ ഏതാനും ജോലിക്കാരുമായി ഗോവയിലെത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം.
2008ലാണ് സൊണാലി ഫോഗട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തുടർന്ന് മഹിളാമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2019-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അദംപുർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു സൊണാലി.
ടിക് ടോക്കിലും ഏറെ പ്രശസ്തയായിരുന്ന സൊണാലി ഫോഗട്ട് ഹിന്ദി ബിഗ് ബോസിന്റെ 14-ാം സീസണിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസൺ 14-ൽ വൈൽഡ്കാർഡ് മത്സരാർഥിയായാണ് അവർ എത്തിയത്.