കൊങ്കണ്‍: സ്വന്തം ജീവന് പോലും മറന്ന് പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ച് ഒന്‍പതാം ക്ലാസുകാരി. കൊങ്കണിലാണ് സംഭവം. ചുമരിടിഞ്ഞ് കാലില്‍ വീണിട്ടും വേദനയെല്ലാം സഹിച്ച് പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ ഓടുകയായിരുന്നു സാക്ഷി ദബേല്ക്കര് എന്ന് അയല്‍വാസികള്‍ പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. തോരാ മഴയിലും പ്രളയത്തിലും അയല്‍വീടിന്റെ ഭിത്തി ഇടിയുന്നത് കണ്ട് പാഞ്ഞെത്തിയതാണ് സാക്ഷി ദാബേല്ക്കര്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ കോരിയെടുത്ത് ഓടി മാറാന്‍ ശ്രമിച്ചെങ്കിലും അതിനകം വീടിന്റെ ചുവരിടിഞ്ഞ് സാക്ഷിയുടെ ഇടം കാലില്‍ വീണു.
ഭിത്തിക്കിടയില്‍ പെട്ടുപോയെങ്കിലും കുഞ്ഞിനെ സാക്ഷി സുരക്ഷിതയായി പിടിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകരെത്തി സാക്ഷിയെയും കുഞ്ഞിനെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും കാല് മുറിച്ച് നീക്കേണ്ടി വന്നു.