ഹൈദരാബാദ്: വിദ്വേഷ പ്രസ്താവനകളിലൂടെ മാത്രം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വിവാദ ബിജെപി എംഎല്‍എ രാജ സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബക്രീദ് അടുക്കുന്ന സാഹചര്യത്തില്‍ പശുവിനെ സംരക്ഷിക്കാനാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. തെലങ്കാനയിലെ ഘോഷമഹല്‍ എംഎല്‍എയാണ് രാജ സിംഗ്. തെലങ്കാന സര്‍ക്കാര്‍ പശു സംരക്ഷണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും രാജ സിംഗ് കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷന്‍ ലക്ഷ്മണയ്ക്ക് രാജിക്കത്ത് കൈമാറിയതായി രാജ സിംഗ് അറിയിച്ചു.
തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ എംഎല്‍സിമാര്‍ പശുക്കടത്ത് നടത്തുന്നുണ്ടെന്ന് രാജ സിംഗ് ആരോപിച്ചു. ബക്രീദിന് വേണ്ടിയാണ് അവര്‍ പശുക്കടത്ത് നടത്തുന്നത്. പശു സംരക്ഷണത്തിന് വേണ്ടി താന്‍ ഏതറ്റം വരേയും പോകുമെന്നും പശു തന്റെ മാതാവാണെന്നും രാജ സിംഗ് പറഞ്ഞു. താന്‍ പശു സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ ബിജെപി എംഎല്‍എ എന്ന പേരിലാണ് വാര്‍ത്ത വരുന്നത്. അത് തന്റെ പാര്‍ട്ടിക്കും പ്രധാനമന്ത്രിക്കും എതിരായ കുറ്റപ്പെടുത്തലായി മാറുന്നു. തന്റെ പേരില്‍ അവര്‍ പഴി കേള്‍ക്കാതിരിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും രാജ സിംഗ് കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പശുക്കടത്ത് വ്യാപകമാണെന്ന് രാജ സിംഗ് ആരോപിച്ചു. നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 78ഓളം ചെക്ക് പോയിന്റുകള്‍ ഉണ്ടായിരുന്നു. അവിടങ്ങളില്‍ ശക്തമായ പരിശോധനയും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷവും രാജ സിംഗ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചിരുന്നു. പിന്നീട് രാജി പിന്‍വലിച്ചു. ഇത് മൂന്നാം തവണയാണ് രാജ സിംഗിന്റെ രാജി പ്രഖ്യാപനം. നേരത്തെ പശുവിനെ രാഷ്ട്ര മാതാവാക്കുന്നത് വരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുമെന്ന് രാജ സിംഗ് പ്രഖ്യാപിച്ചിരുന്നു.