ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചവരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കണമെന്നും പോസ്റ്റ്മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 20 നും 40 വയസിനുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. 300 ഓളം ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്. കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളും രജിസ്റ്റര്‍ ചെയ്തു. 1820 പേരെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.