ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ ബന്ധു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കഫീല്‍ ഖാന്റെ മാതാവിന്റെ അമ്മാവനായ നസറുള്ള അഹ്മദ് വാര്‍സിയാണ് ഗൊരഖ്പൂരിലെ വസതിയില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. നസറുള്ള അഹ്മദിന്റെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അനില്‍ സോങ്കര്‍, ഇമാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ കഫീല്‍ ഖാന്റെ മേല്‍ അടുത്തിടെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു.