ലഖ്നൗ: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് പരാതി നല്കിയ യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തീകൊളുത്തി കൊന്നു. 22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയിലുള്ള ഗാന്ദ്ര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ മകള്‍ ദൃക്സാക്ഷിയാണ്. അമ്മ കത്തിയെരിയുന്നത് നോക്കി നില്ക്കുവാനേ മകള്‍ക്ക് സാധിച്ചൊള്ളൂ.
ഫോണിലൂടെ തന്നെ മൊഴി ചൊല്ലിയെന്ന് പറഞ്ഞ് ഓഗസ്റ്റ് ആറിന് സയീദ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി സ്വീകരിക്കാതെ പോലീസ് ഇത് ഒത്തുതീര്‍പ്പാക്കിയെന്ന് സയീദയുടെ പിതാവ് വ്യക്തമാക്കി. മുംബൈയിലുള്ള ഭര്‍ത്താവ് തിരികെ വരുന്നതുവരെ കാത്തിരിക്കാനാണ് പോലീസ് പറഞ്ഞത്. ശേഷം പോലീസുകാരുടെ നിര്‍ദേശ പ്രകാരം സയീദ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം മടങ്ങിപ്പോകുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച ഭര്‍ത്താവിനൊപ്പം സയീദ പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ അപ്പോഴും പോലീസ് തയ്യാറായില്ല. ഒന്നിച്ച് ജീവിക്കുവാന്‍ പറഞ്ഞ് ഉപദേശിച്ച് വിട്ടയക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കിയതിനെച്ചൊല്ലി അടുത്ത ദിവസം സയീദയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഭര്‍ത്താവ് അവളെ മര്‍ദ്ദിക്കുകയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ സയീദയെ തീ കൊളുത്തുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും പ്രതിച്ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.