ലഖ്നൗ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് ഫൈനടിച്ച പോലീസിനോട് ഫ്യൂസ് ഊരി പ്രതികാരം ചെയ്ത് വൈദ്യുതി വകുപ്പ് ജീവനക്കാരന്. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ശ്രീനിവാസ് എന്ന വൈദ്യുതിവകുപ്പ് ജീവനക്കാരനാണ് ബില്‍ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ലായിന്‍പര്‍ പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബഡി ചപേടിയിലെ തകരാറുകള്‍ പരിഹരിച്ചതിനു ശേഷം മോട്ടോര്‍ സൈക്കിളില്‍ പവര്‍ സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്നു താനെന്നും വഴിയില്‍ വെച്ച് സബ് ഇന്‍സ്പെക്ടര്‍ രമേഷ് ചന്ദ്ര തന്നെ തടഞ്ഞുനിര്‍ത്തി ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ ഫൈനടിക്കുകയും ചെയ്തെന്ന് ശ്രീനിവാസ് പറഞ്ഞു.
ജൂനിയര്‍ എന്‍ജിനീയറെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചെങ്കിലും എസ്ഐ വഴങ്ങിയില്ലെന്നും മറ്റു പോലീസുകാരോടൊപ്പം ചേര്‍ന്ന് എസ്ഐ തന്നെ ഗതാഗത നിയമം ലംഘിക്കുന്നതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തെന്ന് ശ്രീനിവാസ് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ ശ്രീനിവാസ് സ്റ്റേഷനിലെ അടച്ചു തീര്‍ക്കാതെ കെട്ടിക്കിടക്കുന്ന വൈദ്യുതി കുടിശ്ശികയുടെ കണക്കുകള്‍ വിവരിച്ചു.
6.62 ലക്ഷം രൂപയുടെ ബില്ലാണ് ലായിന്‍പുര്‍ സ്റ്റേഷന് അടയ്ക്കാനുണ്ടായിരുന്നത്. അതിനൊപ്പം വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട നിയമങ്ങളെയും പിഴയെക്കുറിച്ചും ഇയാള്‍ പോലീസിന് വ്യക്തമാക്കി. ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ ശ്രീനിവാസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.
എന്നാല്‍ 2016 മുതല്‍ പോലീസ് സ്റ്റേഷന് വൈദ്യുതി ബില്ലടച്ചിട്ടില്ലെന്നും ബില്ലടയ്ക്കേണ്ട കാര്യം ഓര്‍മ്മിപ്പിച്ച് പലതവണ പോലീസ് സ്റ്റേഷനിലേക്ക് നോട്ടീസയച്ചെന്നും ഫിറോസാബാദ് ഡിവിവിഎന്‍എല്‍ (ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ് നിഗം ലിമിറ്റഡ്) സബ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിങ് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും അതിനാലാണ് 500 രൂപ ഫൈനടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രീനിവാസ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനായി ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് തങ്ങളെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫിറോസാബാദിലെ എല്ലാ ഓഫീസുകളുടെയും പോലീസ് സ്റ്റേഷനുകളുടെയും വൈദ്യുതി ബില്ലിനത്തില്‍ ഡിവിവിഎന്എല്ലിന് ഇതിനോടകം തന്നെ 1.15 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ബാക്കി തുകയേ കൊടുക്കാനുള്ളുവെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.