ചെന്നൈ: കാമുകനുമായുള്ള ബന്ധം വിലക്കിയതിന്റെ പേരില്‍ യുവതിയും കാമുകന്റെ ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈ നെര്‍കുണ്ടത്താണു സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രതികളായ ഗായത്രി (28), ബാനു (28) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും കണ്ടെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍ നാഗരാജാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഭാര്യ ഗായത്രിക്കും രണ്ടു മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കൊല്ലപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ നാഗരാജ്. ഇതിനിടെ നാഗരാജിന്റെ സുഹൃത്തായ മഹേന്ദ്രനുമായി ഗായത്രി പ്രണയത്തിലായി. സംഭവമറിഞ്ഞ നാഗരാജ് ഈ ബന്ധം വിലക്കുകയും തുടര്‍ന്നാല്‍ മഹേന്ദ്രനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് കുട്ടികളുമായി സഹോദരിയുടെ വീട്ടിലേക്ക് പോയ ഗായത്രിയെ കഴിഞ്ഞാഴ്ചയാണ് നാഗരാജ് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ മഹേന്ദ്രനുമായുള്ള ബന്ധം തുടര്‍ന്നതോടെ നാഗരാജ് കൊല്ലുമെന്ന ഭീഷണി വീണ്ടുമുയര്‍ത്തി. ഇതില്‍ ഭയന്ന ഗായത്രി സുഹൃത്തും മഹേന്ദ്രന്റെ ഭാര്യയുമായ ബാനുവിനോട് വിവരം പറഞ്ഞു. തന്റെ ഭര്‍ത്താവുമായി ഗായത്രി ബന്ധം പുലര്‍ത്തുന്നതില്‍ വിരോധമില്ലാതിരുന്ന ബാനു കൊലയ്ക്ക് അവരെ സഹായിക്കാമെന്നേറ്റു.
തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഗായത്രിയും ബാനുവും ചേര്‍ന്ന് നാഗരാജിനെ തലയണ മുഖത്തമര്‍ത്തിയും ദുപ്പട്ട കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തി. പിറ്റേന്ന് യാതൊന്നും സംഭവിക്കാത്ത തരത്തില്‍ ഗായത്രി പണിക്കുപോകുകയും ചെയ്തു. ഗായത്രിയുടെ സഹോദരനാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മഹേന്ദ്രന് ഒളിവിലാണ്.