ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എംപി. പ്രളയ പുനര്‍ നിര്‍മ്മാണത്തില്‍ കേന്ദ്രം കേരളത്തെ അവഗണിച്ചെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തിന് യാതൊരു പരിഗണനയും നല്‍കിയില്ലെന്നും പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്തതെന്നും ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ ശശി തരൂര്‍ വിമര്‍ശിച്ചു.
പ്രളയ ബാധിത കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യാതൊരു തുകയും അനുവദിച്ചിട്ടില്ല. റബ്ബര്‍ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു നടപടികളുമെടുത്തിട്ടില്ല. ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നവരേയും പൂര്‍ണ്ണമായി അവഗണിച്ചു, ഇതെല്ലാം കേരളത്തിനെ അവഗണിക്കുന്നതിന് തുല്യമാണെന്ന് തരൂര്‍ ചൂണ്ടിക്കാണിച്ചു.
‘ഗള്‍ഫില്‍ നിന്നും വരുന്ന പണം നിങ്ങള്‍ക്ക് വേണം. അവര്‍ തിരിച്ചുവരുമ്പോള്‍ നിങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ താല്പര്യമില്ല’ അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം വേണമെന്ന തന്റെ ആവശ്യവും അവഗണിക്കപ്പെട്ടെന്ന് തരൂര്‍ പറഞ്ഞു. തൃശങ്കു ബജറ്റ് എന്നാണ് തരൂര്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വിശേഷിപ്പിച്ചത്. അനുവദിച്ച തുക പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത ആദ്യ ബജറ്റായിരിക്കും ഒരുപക്ഷേ ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.