ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എത്താതെ ഉഴപ്പിനടക്കുന്ന എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹാജര്‍ കൃത്യമായി ഉണ്ടാകണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്കി. ബിജെപി അംഗത്വ വിതരണം ശനിയാഴ്ച ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസിയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെലങ്കാനയിലും പാര്‍ട്ടി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും.
അംഗത്വവിതരണത്തോടൊപ്പം ഓരോ ബൂത്തിലും അഞ്ച് മരം വീതം വെച്ചുപിടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കുന്നുണ്ട്. നിര്‍ണായക ബില്ലുകള്‍ പരിഗണനയ്ക്ക് വരുന്ന പാര്‍ലമെന്റില്‍ മുടങ്ങാതെ എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടി എംപിമാരോട് പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങളും സുപ്രധാന പദ്ധതികളും ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ എംപിമാര്‍ തന്നെ മുന്നിട്ട് ഇറങ്ങണം.
ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ച് പ്രമുഖരുമായി ആശയവിനിമയവും നടത്തണം. ആരെങ്കിലും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിച്ചാല്‍ വെച്ചു പൊറുപ്പിക്കില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അംഗത്വവിതരണത്തിന് ഒപ്പം ഓരോ ബൂത്തിലും അഞ്ച് മരം നടണം. ജലദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്തുള്ള ഈ പദ്ധതിയുടെ പേര് പഞ്ചവടിയെന്നാണ്. അംഗത്വവിതരണത്തിനൊപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെയും പഴയകാല നേതാക്കളെയും എംപിമാര്‍ നേരിട്ട് സന്ദര്‍ശിക്കണമെന്നും മോഡി പറഞ്ഞു.