ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് നികുതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 23 ലേക്ക് മാറ്റി. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റിയത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെയും യംഗ് ഇന്ത്യ കമ്പനിയുടെയും ആദായ നികുതി ഫയലുകള്‍ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വര്‍ഷത്തെ നികുതി റിട്ടേണില്‍ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പന്റെ വാദം.
100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍. ആദായ നികുതി വകുപ്പ് നല്കിയ നോട്ടീസിനെതിരെ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളയിരുന്നു. ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ അതിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ നിന്ന് ഇരുവരുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ആ സമയത്തെ നികുതിയിടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.