ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടിയ അളവില്‍ ബീഫ് കയറ്റുമതി ചെയ്തത് നരേന്ദ്ര മോഡിയുടെ ഭരണ കാലത്താണെന്ന് റിപ്പോര്‍ട്ടുകള്‍. അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.
മോഡി ഭരണം ആരംഭിച്ച 2014ല്‍ തന്നെ ബീഫ് കയറ്റുമതിയില്‍ വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013-14 സാമ്പത്തികവര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-15ല്‍ 14,75,540 മെട്രിക് ടണ്‍ ബീഫാണ് കയറ്റിഅയച്ചത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. 2016-17 ആയപ്പോഴേക്കും കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധനയും 2017-18ല്‍ 1.3 ശതമാനം വര്‍ധനയും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായെന്നായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.