ന്യൂഡല്‍ഹി: കടക്കെണിയില്‍പ്പെട്ട് വലയുന്ന കര്ഷകന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും ലഭിച്ച 2000 രൂപ മുഖ്യമന്ത്രി ആദിത്യനാഥിന് തിരികെ അയച്ച് പ്രതിഷേധം അറിയിച്ചു. പണത്തിനൊപ്പം അയച്ച കത്തില്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നും കര്ഷകന് ആവശ്യപ്പെട്ടു.
ആഗ്രയിലെ ഉരുളക്കിഴങ്ങ് കര്‍ഷകനായ പ്രതീപ് ശര്‍മയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് 2000 രൂപയും കത്തും അയച്ചത്. 2016ല്‍ തന്റെ കൃഷി നഷ്ടത്തിലായതിന് പിന്നാലെ ജില്ലാ ഭരണകൂടത്തെ സഹായത്തിനായി സമീപിച്ചിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന് മുന്നിലും സഹായം തേടി പോയിരുന്നു. എന്നാല്‍ സഹായമൊന്നും ലഭിച്ചില്ലെന്ന് കര്ഷകനയച്ച കത്തില്‍ പറയുന്നു.
2018 ഡിസംബറില്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്ങിനെ കാണുന്നതിനായി ഡല്‍ഹിയില്‍ പോയെന്നും എന്നാല്‍ അതും വെറുതെയായെന്നും പ്രതീപ് ശര്‍മ പറഞ്ഞു. കടക്കെണിയലകപ്പെട്ട തന്റെ ബന്ധു 2015ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അന്ന് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലേക്ക് കര്‍ഷകര്‍ നേരിടുന്ന കടക്കെണിയുടെ പ്രശ്നം താന്‍ എത്തിച്ചിരുന്നെന്നും പക്ഷേ ഫലമൊന്നുമുണ്ടായില്ലെന്നും മുപ്പത്തിയൊന്പതുകാരനായ പ്രദീപ് ശര്‍മ വ്യക്തമാക്കി. 35 ലക്ഷം രൂപയുടെ കടമാണ് ഈ കര്‍ഷകനുള്ളത്.