കൊല്‍ക്കത്ത: പ്രശസ്ത മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമായ കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയ ചൈനക്കാരന് അറസ്റ്റില്‍. സംഭവത്തില്‍ 35 കാരനായ ചൈനയിലെ ഗുഡോങ് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. ഡ്രോണ്‍ പറത്തിയത് പിന്നിലെ ഉദ്ദേശം എന്താണെന്ന് അറിയാന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ജവഹര്‍ലാല്‍ നെഹ്റു റോഡിനടുത്തായി, ഹൂഗ്ലീ നദിക്കരയിലുള്ള മൈതാനത്തില്‍ സ്ഥിതി ചെയ്യുന്ന വിക്ടോറിയ മെമ്മോറിയലിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഈ പരിധി ലംഘിച്ചാണ് ചൈനക്കാരന് ഡ്രോണ്‍ പറത്തിയത്. ഇയാള്‍ക്കൊപ്പം രണ്ട് യുവതികളുമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
വിക്ടോറിയ മെമ്മോറിയലിന്റെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന സിഐഎസ്എഫുകാരാണ് ഡ്രോണ്‍ പറത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാളെയും രണ്ട് യുവതികളെയും കസ്റ്റഡിയില്‍ എടുത്ത ശേഷം ഹാസ്റ്റിങ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതികളെ വിട്ടയച്ച ശേഷം ചൈനക്കാരനെ പിന്നീട് കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് 25 വരെ കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സംഭവം കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ ഇന്ത്യ അറിയിച്ചു.