ന്യൂഡല്‍ഹി: അഞ്ച് കാമുകിമാരുടെ ആഡംബര ജീവിതത്തിന് വേണ്ടി ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ച സംഭവത്തില്‍ 63കാരന് പിടിയില്‍. ഡല്‍ഹി സ്വദേശി ബന്ധുറാമിനെയാണ് ഒരു ഫാക്ടറിയില്‍ നിന്ന് ലാപ്ടോപുകളും, എല്‍ഇഡി ടിവിയും പണവും മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്തത്.
ആനന്ദ് പര്‍ബാത്തിലെ ചേരിയില്‍ താമസിച്ചിരുന്ന അവിവാഹിതനായ ബന്ധുറാം 20 വര്‍ഷത്തിനിടെ നിരവധി മോഷണക്കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 63കാരനായ ഇയാള്‍ക്ക് അഞ്ച് കാമുകിമാരുണ്ട്. ഇവര്‍ക്ക് സമ്മാനമായി നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബന്ധുറാം വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും പണവും മോഷ്ടിച്ചിരുന്നത്.
കുടുംബത്തില്‍ നിന്നും അകന്നുകഴിഞ്ഞിരുന്ന ഇയാള്‍ സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് 28നും 40നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. മോഷ്ടിക്കുന്നതില്‍ ഭൂരിഭാഗവും ഇവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ബന്ധുറാം സമ്മാനിച്ചത് മോഷണവസ്തുക്കളായിരുന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ബന്ധുറാം അഞ്ചു സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതും കാമുകിമാര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാലും, തലമുടി കറുപ്പിക്കുന്നതിനാലും ബന്ധുറാമിന്റെ യഥാര്‍ഥ പ്രായവും ഇവര്‍ക്ക് മനസിലാക്കാനായില്ല.
കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ നിന്ന് രണ്ട് ലാപ്ടോപുകളും ടിവിയും 60000 രൂപയുമാണ് ബന്ധുറാം കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ കേസെടുത്ത സാരൈ റോഹില്ല പോലീസ് ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് പര്‍ബാത്തില്‍ നിന്ന് ബന്ധുറാമിനെ അറസ്റ്റ് ചെയ്തു. സമീപപ്രദേശങ്ങളില്‍ അടുത്തിടെ നടന്ന മറ്റുചില മോഷണങ്ങള്‍ക്ക് പിന്നിലും ഇയാളാണെന്നും പോലീസ് വ്യക്തമാക്കി.