ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കളിയാക്കി കൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ നടന് മാധവന്റെ ട്വീറ്റിന് നേരെ പൊങ്കാല. രാഷ്ട്രീയമില്ലെന്ന് പറയുന്ന താങ്കള്‍ മോഡിയെ വിമര്‍ശിക്കുമ്പോള്‍ അസ്വസ്ഥനാകുന്നെന്നും സോണിയാ ഗാന്ധിയേയും മന്മോഹന് സിങ്ങിനേയും ബിജെപിക്കാര്‍ അപമാനിച്ചപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്ന ചോദ്യവുമാണ് ട്വിറ്ററില്‍ പലരും ചോദിക്കുന്നത്.
മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങുമായുള്ള കൂടിക്കാഴ്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുകൊണ്ടുള്ള ട്രോള്‍ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. ചൈനീസ് പ്രസിഡന്റിന് മുന്നില്‍ ഇന്ത്യയുടെ വിലകളയുന്ന രീതിയില്‍ പെരുമാറുന്ന മോഡിയെയായിരുന്നു വീഡിയോയില്‍ ചിത്രീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധവന് രംഗത്ത് എത്തിയത്.
രാഷ്ട്രീയമായി വിയോജിപ്പ് ഉണ്ടെങ്കിലും നരേന്ദ്ര മോഡി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചൈനയ്ക്ക് മുന്പില് ഈ രാജ്യത്തിന്റെ വില കളയുകയുന്നതാണ് ഇത്തരം വീഡിയോകളെന്നും ഇത് നമുക്ക് ചീത്തപ്പേരാണെന്നുമായിരുന്നു മാധവന് ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും മാധവന് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് മാധവനെ എതിര്‍ത്തും അനൂകൂലിച്ചും രംഗത്തെത്തിയത്.